പൊയിനാച്ചി: ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കര്‍ഷകദിനം ആഘോഷിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.മൊയ്തീന്‍കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ശ്രീധരന്‍ മുണ്ടോള്‍ അധ്യക്ഷതവഹിച്ചു. പാരമ്പര്യ കര്‍ഷകനായ പൊയിനാച്ചി പറമ്പ് കപ്പണക്കാല്‍ മേലത്ത് കുമാരന്‍ നായരെ ആദരിച്ചു. കെ.മൊയ്തീന്‍കുട്ടി ഹാജി പൊന്നാട അണിയിച്ചു. ബഷീര്‍ കൈന്താര്‍, പ്രഥമധ്യാപിക പി.കെ.ഗീത എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ എം.മോഹനന്‍ നായര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.മുരളീധരന്‍ നന്ദിയും പറഞ്ഞു. കര്‍ഷകരും വിദ്യാര്‍ഥികളും മുഖാമുഖം നടത്തി.
കോളിയടുക്കം ഗവ. യു.പി. സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെയും പി.ടി.എ.യുടെയും നേതൃത്വത്തില്‍ കര്‍ഷകദിനത്തില്‍ പ്രദേശത്തെ തിരഞ്ഞെടുത്ത കര്‍ഷകരെ ആദരിച്ചു.
അണിഞ്ഞയിലെ കുഞ്ഞമ്പു നായര്‍, കുണ്ടയിലെ പി.വിജയന്‍, പെരുമ്പള തലകണ്ടത്തെ ടി.നാരായണന്‍ എന്നിവരെയാണ് ആദരിച്ചത്. പ്രഥമാധ്യാപകന്‍ എ. പവിത്രന്‍ അധ്യക്ഷതവഹിച്ചു. എം.അച്യുതന്‍, പി.മധു എന്നിവര്‍ സംസാരിച്ചു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പുരാതന കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും നടത്തി. കലപ്പ, പറ, നാഴി, ഉറി, നുകം, ചെമ്പ്, കുര്യ, അപ്പച്ചെമ്പ്, പാറത്തോല്‍, ഏത്തംകൊട്ട, പാന, മരി, മങ്ങണം, ചെറുനാഴി, ഓലങ്കം, ഉലക്ക, ഓലക്കുട, ഗോരിപ്പലക, പാളത്തൊപ്പി, കൊരമ്പ, മര ചട്ടുകം, ഓട്ടുകിണ്ണം, അടയ്ക്കക്കത്തി, മന്ത്, മണ്‍കലം, കള്ള്കുടുക്ക തുടങ്ങിയവ കുട്ടികള്‍ക്ക് കൗതുകമായി.