പിലിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അവധിക്കാല അധ്യാപക പരിശീലനത്തിലെത്തിയ അധ്യാപകര്‍ക്കുമുന്നില്‍ അവതരിപ്പിച്ചത് ചന്തേര ഇസത്തുല്‍ ഇസ്!ലാം എ.എല്‍.പി. സ്‌കൂളിലെ ജൈവോദ്യാന മാതൃക.

പ്രകൃതിസൗഹൃദ അന്തരീക്ഷവും സംസ്‌കാരവും സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാലയത്തില്‍ ജൈവവൈവിധ്യഉദ്യാനം ഒരുക്കണമെന്ന നിര്‍ദേശമുണ്ട്. പരിമിത സ്ഥല സൗകര്യം ഫലപ്രദമായി ഉപയോഗിച്ച് എങ്ങനെ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കാമെന്നതിന് ഇസത്തുല്‍ മറ്റുള്ളവര്‍ക്ക് മാതൃകയായി.

ഒന്നരവര്‍ഷം മുന്‍പ് വിരലിലെണ്ണാവുന്ന ചെടികളാണ് വിദ്യാലയത്തിലുണ്ടായിരുന്നത്. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ത്ത് വിദ്യാലയാങ്കണം ഹരിതാഭമാക്കി.

പിറന്നാളിന് കുട്ടികള്‍ ചെടികളെത്തിക്കും. ഇവ ചട്ടികളിലാക്കി മതിലിനുമുകളില്‍ നിരന്നപ്പോള്‍ അത് അലങ്കാരമായി. മതിലിനോട് ചേര്‍ന്നും ചെടികള്‍ നട്ടുപിടിപ്പിച്ചു.

തുളസി, വിവിധ ഇനം ചെമ്പരത്തി, ചാമ്പ, കണിക്കൊന്ന, പേര, ചെണ്ടുമല്ലി, മന്ദാരം, ചെത്തി, അരളി എന്നിവയെല്ലാം ഇസത്തുലിന്റെ ഉദ്യാനത്തിലുണ്ട്.

മീനുകള്‍ നീന്തിത്തുടിക്കുന്ന കുഞ്ഞുകുളം ഉദ്യാനത്തിലെ സവിശേഷതയാണ്. ഗ്രോബാഗുകളില്‍ പച്ചക്കറി തഴച്ചുവളരുന്നു. ഉദ്യാന പരിപാലനത്തിന് കുട്ടികളുടെ ഹരിതസേനയുണ്ട്.

കുട്ടികള്‍ നട്ട് പരിപാലിച്ച ഉങ്ങ് മരങ്ങള്‍ വളര്‍ന്നുവലുതായി. ജൈവോദ്യാനം അക്കാദമിക പ്രവര്‍ത്തനത്തിനുള്ള ഇടമായി പരമാവധി ഉപയോഗിക്കാറുണ്ടെന്ന് പ്രഥമാധ്യാപിക സി.എം.മീനാകുമാരി പറഞ്ഞു.