കഴിഞ്ഞവര്‍ഷം മാര്‍ച്ച് 30-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ലബോറട്ടറി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കോടികള്‍ ചെലവഴിച്ച് സജ്ജീകരിച്ച ലബോറട്ടറി ഇന്നും അടഞ്ഞുകിടക്കുകയാണ്.
കീടനാശിനി പരിശോധനയ്ക്കാവശ്യമായ ചെലവ് ആരു വഹിക്കുമെന്ന അനിശ്ചിതത്വമാണ് ലബോറട്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കാത്തതിനു കാരണം. കാര്‍ഷിക കോളേജിലെ വിദഗ്ധ അധ്യാപകര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുമെങ്കിലും ഫണ്ട് എവിടെ നിന്ന് ലഭിക്കുമെന്നതാണ് നിലവിലുള്ള പ്രശ്നം.
ലബോറട്ടറി ഒരുക്കിയ സര്‍ക്കാറിനും കാര്‍ഷിക സര്‍വകലാശാലയ്ക്കും ഇക്കാര്യത്തില്‍ ഭീമമായ ബാധ്യത വരുമെന്നതാണ് അനിശ്ചിതത്വത്തിന് ഇടയാക്കുന്നത്. സര്‍ക്കാറില്‍നിന്ന് അനുകൂല നടപടിയുണ്ടായാല്‍ മാത്രമേ കോടികള്‍ ചെലവഴിച്ച ലബോറട്ടറികൊണ്ട് പ്രയോജനം ലഭിക്കുകയുള്ളൂ.
സംസ്ഥാനത്ത് കാര്‍ഷിക സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള രണ്ടാമത്തെ ലബോറട്ടറിയാണിത്. നിലവില്‍ തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജില്‍ മാത്രമാണ് ഭക്ഷ്യവസ്തുക്കളിലെ കീടനാശിനി വിഷാംശ പരിശോധന ലബോറട്ടറിയുള്ളത്. അവിടത്തെയും അവസ്ഥ ഇതു തന്നെയാണ്.
പടന്നക്കാട് കാര്‍ഷിക കോളേജില്‍ ലബോറട്ടറി യാഥാര്‍ഥ്യമായതോടെ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ പഴം, പച്ചക്കറികള്‍ അടക്കമുള്ള ഭക്ഷ്യവസ്തുക്കളിലെ വിഷാംശ പരിശോധനയ്ക്കും ജൈവകൃഷിക്ക് പിന്‍ബലം നല്‍കുന്നതിനും കഴിയുമായിരുന്നു.
കര്‍ഷകര്‍ക്ക് ചുരുങ്ങിയ ചെലവില്‍ അവരുടെ പച്ചക്കറി സാമ്പിളുകള്‍ പരിശോധിച്ച് സാക്ഷ്യപത്രവും ഇവിടെനിന്ന് നല്‍കാനായിരുന്നു തീരുമാനം. കൂടാതെ വെള്ളം, മണ്ണ് എന്നിവയിലെ കീടനാശിനികളുടെ അവശിഷ്ടം കണ്ടു പിടിക്കാനുള്ള സൗകര്യവും ലബോറട്ടറിയില്‍ ഒരുക്കിയിട്ടുണ്ട്.
വിഷാംശം കണ്ടുപിടിക്കുന്ന വിദേശനിര്‍മിത അത്യാധുനിക ഉപകരണങ്ങളായ ഗ്യാസ് ക്രൊമാറ്റൊഗ്രഫി, വിഷാംശത്തിന്റെ തോത് നിര്‍ണയിക്കുന്ന മാസ്പെക്ട്രൊ മീറ്റര്‍ എന്നിവ ലബോറട്ടറിയിലുണ്ട്.
കൂടാതെ കീടനാശിനി അവശിഷ്ടവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാവശ്യമായ നൈട്രജന്‍ ഇവാപ്പൊ റേറ്റര്‍, നൈട്രജന്‍ ജനറേറ്റര്‍, റോട്ടറി വാക്വം ഇവാപ്പൊ റേറ്റര്‍, ലിക്വഡ് ക്രൊമാറ്റൊഗ്രഫി, ഹോമൊജനൈസര് തുടങ്ങിയ ഉപകരണങ്ങളും ലബോറട്ടറിയില്‍ ഒരുക്കിയിട്ടുണ്ട്.
രണ്ടുകോടിയിലേറെ രൂപ വിലവരുന്ന ഉപകരണങ്ങള്‍ ലബോറട്ടറിക്കായി പ്രത്യേകം നിര്‍മിച്ച കെട്ടിടത്തില്‍ മാസങ്ങളായി ഉപയോഗിക്കാതെ കിടക്കുകയാണ്.
കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച ക്വിന്റല്‍ കണക്കിന് മാമ്പഴങ്ങള്‍ ഭക്ഷ്യസുരക്ഷാവിഭാഗം ജില്ലയില്‍നിന്ന് പിടിച്ചെടുക്കാറുണ്ട്.
എന്നാല്‍ ഇത്തരം മാമ്പഴങ്ങള്‍ കടകളില്‍നിന്ന് വാങ്ങുമ്പോള്‍ കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ചതാണോയെന്ന് പരിശോധിക്കാനുള്ള ഒരു സംവിധാനവും നിലവില്ല.
അതേ സമയം പടന്നക്കാട് കാര്‍ഷിക കോളേജിലെ ലബോറട്ടറി പ്രവര്‍ത്തനം തുടങ്ങിയാല്‍ ഇതിന് ശാശ്വതപരിഹാരം ഉണ്ടാകുമായിരുന്നു.
ലബോറട്ടറി കൊണ്ട് ആര്‍ക്കും പ്രയോജനമില്ലാത്ത സാഹചര്യത്തില്‍, മുഖ്യമന്ത്രി ഇടപെട്ട് ആവശ്യമായ ഫണ്ടനുവദിച്ച് ലബോറട്ടറി യാഥാര്‍ഥ്യമാക്കണം. അല്ലെങ്കില്‍ കോടികള്‍ വൃഥാവിലാകും.