പെരിയ: നീണ്ടനാളത്തെ സമരജീവിതത്തിന് ശേഷവും ചെങ്ങറ കുടുംബങ്ങള്‍ക്ക് പെരിയയില്‍ അനുവദിച്ച മണ്ണില്‍ ദുരിതമൊടുങ്ങുന്നില്ല. സ്വന്തമായി കിട്ടിയ ഭൂമിക്ക് പട്ടയമോ ഉപജീവനത്തിന് കൃഷിഭൂമിയോ ഇല്ലാതെ വിധിയെ പഴിച്ച് കഴിയുകയാണ് ഇവര്‍.

പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ടമായി പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനത്തിന് സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ മറ്റൊരു സമരത്തിനായി തയ്യാറെടുക്കുകയാണ് ഈ കുടുംബങ്ങള്‍. ചെങ്ങറ സമരഭൂമിയില്‍നിന്ന് ഇവിടെയെത്തിച്ചപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന പരാതിയാണ് ഇവര്‍ ഉന്നയിക്കുന്നത്.

2012 മെയ് 10നാണ് ഇവിടെ 75 കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചത്. അതില്‍ 50 കുടുംബങ്ങള്‍ക്കാണ് അന്ന് വീടുകളുടെ താക്കോല്‍ കൈമാറിയത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് താക്കോല്‍ദാന ചടങ്ങിന് എത്തിയത്. ഓരോ കുടുംബത്തിനും വീടിന് എട്ടു സെന്റും ബാക്കി കൃഷിക്കായുള്ള സ്ഥലവുമാണ് അനുവദിച്ചത്. കരിമ്പാറകള്‍ നിറഞ്ഞ പ്രദേശമാണ് ഇവര്‍ക്ക് ലഭിച്ചത്.

മണ്ണ് നിറച്ച് കൃഷിയോഗ്യമാക്കണമെന്ന ആവശ്യമാണ് ചെങ്ങറ കുടുംബങ്ങള്‍ ഉന്നയിച്ചത്. അതിനായി നടപടി സ്വീകരിക്കുമെന്ന് താക്കോല്‍ദാന ചടങ്ങിലും തുടര്‍ന്ന് മറ്റ് പല ചടങ്ങുകളിലും അധികൃതര്‍ ഉറപ്പുനല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. നിലവില്‍ ഓരോ കുടുംബത്തിനും കൈവശമുള്ള എട്ട് സെന്റില്‍ വരുമാനത്തില്‍ മിച്ചം പിടിച്ച് മണ്ണ് നിറയ്ക്കുകയാണുണ്ടായത്. ഏക്കര്‍ കണക്കിന് പാറപ്രദേശമാണ് ഇവര്‍ക്ക് കൃഷിയിടമായി നല്‍കിയത്. തൊഴില്‍ശാലക്കായി കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ പരിശീലനം നടന്നിട്ടില്ല.

പേപ്പര്‍ പ്ലേറ്റ്, തയ്യല്‍ പരിശീലം, മരപ്പണിയാണ് തൊഴില്‍ശാലയില്‍ തുടങ്ങുന്നത്. എന്നാല്‍ ഇത്തരം പരിശീലനങ്ങളൊന്നും പട്ടിണിമാറ്റില്ല. ഉപജീവനത്തിന് കൃഷിയോഗ്യമായ മണ്ണ് തരാന്‍ തയ്യാറാകാത്ത നടപടിക്കെതിരെയാണ് കുടുംബങ്ങളില്‍ പ്രതിഷേധം ഉയരുന്നത്.

അഞ്ച് വര്‍ഷം മുമ്പ് താക്കോല്‍ സ്വീകരിച്ചവരില്‍ പകുതിപ്പേരും സ്വന്തം നാട്ടില്‍ കൂലിവേല ചെയ്താണ് ഇവിടെ കുടുംബം നയിക്കുന്നത്. ഇവിടെ തൊഴില്‍ കിട്ടാത്തതാണ് അവരെ തിരിച്ചുപോകാന്‍ പ്രേരിപ്പിച്ചത്. ഇവിടെയുള്ളവരില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് കൂലിവേല പോലും കിട്ടുന്നത്. തൊഴിലാളികളെ കിട്ടാതെവരുമ്പോള്‍ മാത്രമേ ഇവിടെയുള്ളവര്‍ക്ക് പണി കിട്ടുകയുള്ളുവെന്ന് ചെങ്ങറ കുടുംബാംഗം ശശിധരന്‍ പറയുന്നു.

അനുവദിക്കപ്പെട്ട ഭൂമിക്ക് പട്ടയം നല്‍കാത്തതിനെതിരെ ഇവിടെയുള്ള പട്ടികവര്‍ഗകുടുംബങ്ങള്‍ പട്ടികജാതിവികസനവകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അത് പ്രകാരം ഭൂമിയുടെ പട്ടയം ഉപാധികളോടെ നല്‍കണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയക്ടര്‍ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പട്ടയം അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല.

ചീമേനി, കള്ളാര്‍, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളിലും മറ്റ് ജില്ലകളിലും ചെങ്ങറ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയെങ്കിലും ഇവിടെ പട്ടയം അനുവദിച്ചിട്ടില്ല. കെ.ആര്‍.നാരായണന്‍ സൊസൈറ്റി രൂപവത്കരിച്ച് തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് ഭൂരിഭാഗം കുടുംബങ്ങളും പരാതിപ്പെടുന്നത്.

രണ്ടാം ഘട്ടമായി പൂര്‍ത്തീകരിച്ച 25 വീടുകളുടെ താക്കോല്‍ദാനം ശനിയാഴ്ച രണ്ടിന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. സൗകര്യങ്ങളൊരുക്കാതെ ഇവര്‍കൂടി എത്തുന്നതോടെ ഇവിടെ ദുരിതം ഇരട്ടിയാകുമെന്ന് നിലവില്‍ താമസിക്കുന്ന കുടുംബങ്ങള്‍ പറയുന്നു.

അതേസമയം കെ.ആര്‍.നാരായണന്‍ സൊസൈറ്റിയില്‍ അംഗത്വമെടുക്കാന്‍ തയ്യാറായ ആളുകള്‍ക്കാണ് ചെങ്ങറ പാക്കേജിലൂടെ പെരിയയില്‍ ഭൂമി അനുവദിച്ചത്. സൊസൈറ്റിയുടെ ബൈലോ പ്രകാരം കൃഷിഭൂമിയുടെ പട്ടയം സ്വന്തം പേരില്‍ നല്‍കാനാകില്ല.

വീട് നില്‍ക്കുന്ന എട്ട് സെന്റ് സ്ഥലത്തിന്റെ പട്ടയം സ്വന്തം പേരില്‍ നല്‍കാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും ആര്‍.ഡി.ഒ. സി.ബിജു പറഞ്ഞു. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും ബൈലോ ഭേദഗതിക്കായി സര്‍ക്കാരിലേക്ക് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.