പെരിയ: ബല്ലാ അടമ്പിലെ ഗണേശനും ഭാര്യ സുമതിക്കും ഇനിയും പിടികിട്ടിയിട്ടില്ല, മകള്‍ ജിജിത എന്തുകൊണ്ടാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതെന്ന്. ജന്മനാ സംസാരശേഷിയും കാഴ്ചയും കേള്‍വിയും നഷ്ടപെട്ട പെണ്‍കുട്ടി. ശാരീരികവളര്‍ച്ചയില്ല. മാനസികവെല്ലുവിളി നേരിടുന്നു. എന്നിട്ടും ഓരോ ക്യാമ്പിലും നിര്‍ണയിക്കാപ്പെടാത്ത അസുഖമെന്ന വിശേഷണത്തോടെ ജിജിതയെ തിരിച്ചയക്കുന്നു.
 
കൂലിപ്പണിക്കാരനാണ് ഗണേഷ്. മറ്റു രണ്ടു പെണ്‍മക്കള്‍ കൂടി അടങ്ങുന്ന കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയ്ക്കിടയിലാണ് ജിജിതയുടെ ചികിത്സയ്ക്കും മരുന്നിനും പണം മാറ്റിവെക്കേണ്ടിവരുന്നത്. പള്ളിക്കര പാക്കത്താണ് ഗണേശന്റെ സ്വദേശം. ഇവിടെ എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത പി.സി.കെ.യുടെ കശുമാവിന്‍ തോട്ടത്തിനടുത്തായിരുന്നു വീട്. പിന്നീട് ഇവര്‍ കാഞ്ഞങ്ങാട് ബല്ലയിലേക്ക് താമസം മാറി. 2011-ല്‍ ജില്ലാ ആസ്​പത്രിയില്‍ നടന്ന പരിശോധനയില്‍ ജിജിതയെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലേക്ക് ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശചെയ്തു. പട്ടിക വന്നപ്പോള്‍ പേരില്ല.

2012-ല്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലാണ് താമസമെങ്കിലും പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹയാണെന്ന ആരോഗ്യവകുപ്പിന്റെ ശുപാര്‍ശയിലാണ് അന്നത്തെ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. പക്ഷേ, പുതുക്കിയ പട്ടികയിലും ജിജിത പുറത്തുതന്നെ. 2013-ല്‍ നടന്ന ക്യാമ്പിലും ജിജിതയെത്തി. ഫലമുണ്ടായില്ല. ഇക്കുറി കളക്ടര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ക്യാമ്പില്‍ പങ്കെടുപ്പിച്ചത്.