പെരിയ: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി മരങ്ങള്‍ മുറിച്ചുമാറ്റി ഭൂമി അളന്ന് തിട്ടപ്പെട്ടപ്പെടുത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. പുല്ലൂര്‍-പെരിയയിലെ ആയമ്പാറ മാരാംകാവിലാണ് നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മരംമുറിക്കല്‍ നിര്‍ത്തിവെച്ചത്. കടുത്തവേനലില്‍ പച്ചമരങ്ങള്‍ ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
 
നേരത്തേ ഇവിടെ ഭൂമി അനുവദിച്ചുനല്‍കിയ 250 പേരില്‍ രണ്ടുപേര്‍ മാത്രമാണ് വീട് നിര്‍മിച്ചിട്ടുള്ളത്. പെരിയ വില്ലേജിലെ സര്‍വേ നമ്പര്‍ 291-ല്‍ 624 പേര്‍ക്കാണ് സര്‍ക്കാര്‍ പട്ടയം അനുവദിച്ചത് ഇവിടെ എട്ട് ഏക്കര്‍ 20 സെന്റ് സ്ഥലം അളന്നുനല്‍കിയതായി റവന്യൂ അധികൃതര്‍ പറഞ്ഞു. ഇനി 10 ഏക്കര്‍ 52 സെന്റ് സ്ഥലംകൂടി നല്‍കേണ്ടതുണ്ട്. ബാക്കിയുള്ള 374 പേര്‍ക്ക് മൂന്നുസെന്റ് വീതം അളന്നുനല്‍കുന്നതിനുവേണ്ടിയാണ് മരങ്ങളും അടിക്കാടും നീക്കംചെയ്യുന്നതെന്ന് പെരിയ വില്ലേജ് അധികൃതര്‍ പറഞ്ഞു. നിയമാനുസൃതം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് മരങ്ങള്‍ മുറിച്ചുനീക്കാന്‍ അനുമതി നല്‍കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
 
തിങ്കളാഴ്ച രാവിലെ മുതല്‍ മരങ്ങള്‍ മുറിക്കാന്‍തുടങ്ങിയിരുന്നു. കാട്ടുമരങ്ങളാണ് ഏറെയും മുറിച്ചുനീക്കിയത്. നേരത്തേ ഭൂമി അനുവദിച്ചുനല്‍കിയവരുടെ അര്‍ഹത പുനഃപരിശോധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.