പെരിയ: ഇരിയയിലെ സായി ഗ്രാമത്തില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത് സോളാര്‍ ടൗണ്‍ഷിപ്പെന്ന് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍.അനന്തകുമാര്‍ പറഞ്ഞു. ആരോഗ്യവും തൊഴിലും കുടിവെള്ളവും ഉള്‍പ്പെടെ സ്വയംപര്യാപ്തമായ ഗ്രാമമാണ് ഒരുക്കുന്നത്. നാലുകോടി രൂപ ചെലവിട്ട് ആറുമാസം കൊണ്ട് ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കും. കേരള സര്‍ക്കാരുമായി സഹകരിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 36 വീടുകളാണ് നിലവില്‍ നിര്‍മിച്ചിരിക്കുന്നത്.
വീടുകളുടെ താക്കോല്‍ദാനം 19-ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഫെഡറല്‍ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സായിപ്രസാദം പദ്ധതി നടപ്പാക്കുന്നത്. സത്യസായി ട്രസ്റ്റിന്റെ ദുബായ് ചാപ്റ്ററിന്റെ സഹകരണവും ലഭിക്കുന്നുണ്ട്. സായി ഗ്രാമത്തില്‍ 36 കുടുംബത്തിനും പത്ത് സെന്റ് ഭൂമിവീതം സര്‍ക്കാര്‍ പതിച്ചുനല്‍കും. 25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാനാകാത്ത വ്യവസ്ഥയോടെയാണ് വീടും സ്ഥലവും നല്‍കുന്നത്.
ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പട്ടയം കൈമാറും. സായി ഗ്രാമത്തില്‍ നിര്‍മിക്കുന്ന ബഡ്‌സ് സ്‌കൂളിന് ചൊവ്വാഴ്ച വൈകീട്ട് നാലിന് വിദ്യഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് തറക്കല്ലിടും. ഹെല്‍ത്ത് സെന്റര്‍, ആംഫി തിയേറ്റര്‍, സത്യസായി സ്വയംതൊഴില്‍ പരിശീലന കേന്ദ്രം, കുടിവെള്ളപദ്ധതി, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയവയെല്ലാം ഒരുക്കുമെന്ന് ആനന്ദകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ അനുവദിച്ച ആയുഷ് ഹോളിസ്റ്റിക് കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും. ഇതിനകം ആറ് ഡോക്ടര്‍മാരെ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
365 ദിവസവും പൊതുജനങ്ങള്‍ക്ക് ഇവിടെ സേവനം ലഭ്യമാകും. സോളാര്‍ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടമായി തെരുവുവിളക്കുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 19-ന് നടക്കുന്ന ചടങ്ങില്‍ നടന്‍ ജയസൂര്യ ഉദ്ഘാടനം ചെയ്യും. കലാസാംസ്‌കാരിക പരിപാടികള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ ദാമോദരന്‍ ആര്‍ക്കിടെക്ട്, അഗസ്റ്റിന്‍ ജേക്കബ്ബ്, ഹരീഷ് മേപ്പാട്ട് എന്നിവര്‍ പങ്കെടുത്തു.