പള്ളിക്കര: മീസില്‍സ്, റുബെല്ല വാക്‌സിനേഷനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചാരണത്തിന്റെ മുനയൊടിച്ച് പള്ളിക്കര പഞ്ചായത്തുതല ഉദ്ഘാടനം.
 
ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ലെന്ന വാക്‌സിന്‍വിരുദ്ധ ലോബിയുടെ പ്രചാരണം ശരിയല്ലെന്ന് തെളിയിക്കപ്പെടുകയായിരുന്നു ഇവിടെ.

ആദ്യഡോസ് വാക്‌സിനുകള്‍ പള്ളിക്കര പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സലാഹ് അബ്ദുള്‍റഹ്മാന്റെയും ഡോ. കെ.പി.ജാസ്മിന്റെയും മക്കളായ ഒരുവയസ്സുകാരന്‍ മുഹമ്മദ് സ്വഫൂഹിനും സഅദിയ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥിനി ആറുവയസ്സുകാരി മറിയം സമാഹിനുമാണ് നല്‍കിയത്.

പാക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം.അബ്ദുള്‍ലത്തീഫ് അധ്യക്ഷതവഹിച്ചു.

മരണകാരണമാവുന്നതും ജനിതക വൈകല്യമുണ്ടാക്കുന്നതുമായ മീസില്‍സ്, റുബെല്ല രോഗങ്ങളെ രണ്ടായിരത്തി ഇരുപതോടുകൂടി നിര്‍മാര്‍ജനംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എം.ആര്‍.വാക്‌സിനേഷന്‍ നടപ്പാക്കുന്നത്.

സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള കുത്തിവെപ്പ് കേന്ദ്രങ്ങളിലൂടെ ഒന്‍പതുമാസംമുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്.
 
ഉദ്ഘാടനദിവസം പള്ളിക്കരയില്‍ 592 കുട്ടികള്‍ക്ക് കുത്തിവെപ്പെടുത്തു.

പഞ്ചായത്തംഗങ്ങളായ കെ.എ.ബിന്ദു, കെ.രവീന്ദ്രന്‍, വി.വി.കുഞ്ഞമ്പു, കെ.മാധവന്‍, പി.കെ.അബ്ദുല്ല, പ്രഥമാധ്യാപകന്‍ വി.സുധാകരന്‍, കെ.വി.ഹരിദാസന്‍, കെ.വി.ഇന്ദിര എന്നിവര്‍ സംസാരിച്ചു.