പാലക്കുന്ന്: കുഞ്ഞിക്കോരന്‍ പണിക്കര്‍ക്ക് ഇത് അരനൂറ്റാണ്ടുകാലത്തെ പൂരക്കളി പെരുമ. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ആസ്ഥാന പൂരക്കളി പണിക്കരാണ് തെക്കേക്കര പി.വി.കുഞ്ഞിക്കോരന്‍ പണിക്കര്‍. നവതി പിന്നിട്ടിട്ടും ഇപ്പോഴും പൂരക്കളിക്കാരെ നിയന്ത്രിക്കുന്നതും അവര്‍ക്ക് കളിയുടെ നിര്‍ദേശങ്ങള്‍ കൊടുക്കുന്നതും ഇദ്ദേഹമാണ്.

പൂരക്കളിയുടെ മറുവാക്കാണ് പാലക്കുന്നുകാര്‍ക്ക് കുഞ്ഞിക്കോരന്‍ പണിക്കര്‍. പൂരക്കളിയുടെ സമാപനദിവസമായ ശനിയാഴ്ച ക്ഷേത്രത്തില്‍ പകലും രാത്രിയും പൂരക്കളിയുണ്ടാകും. പൂരംകുളിയുടെ സമാപനത്തില്‍ ആണ്ടും പള്ളും പാടി കളിക്ക് ആചാരസവിശേഷത നല്‍കുന്ന പൂരക്കളി പണിക്കരുടെ സാന്നിധ്യം ശ്രദ്ധേയമാണ്. മറ്റ് ക്ഷേത്രങ്ങളില്‍ വര്‍ഷത്തില്‍ പണിക്കര്‍ മാറി വരുമെങ്കിലും കഴിഞ്ഞ 47 വര്‍ഷമായി കുഞ്ഞിക്കോരന്‍ പണിക്കര്‍ ഈ സ്ഥാനത്ത് തുടരുകയാണ്.

അന്യംനിന്നുപോകുന്ന ഈ ക്ഷേത്രകലയെ നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള ഉദ്ദേശ്യത്തോടെ സമൂഹത്തിലെ ചെറുപ്പക്കാരെ പൂരക്കളി അഭ്യസിപ്പിക്കാന്‍ ഇദ്ദേഹം ജാഗരൂകനാണ്. ഇപ്പോള്‍ പാലക്കുന്ന് പൂരക്കളി പന്തലിലെ ഒട്ടുമിക്ക കളിക്കാരും പണിക്കരുടെ ശിഷ്യരാണ്. തെക്കേക്കര പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂരക്കളി പരിശീലനക്കളരിയുണ്ടാക്കി ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നതും ഇദ്ദേഹമാണ്.