പാലക്കുന്ന്: പാലക്കുന്ന് ഭഗവതിക്ഷേത്രത്തിലെ ചെറിയ കലംകനിപ്പ് ഉത്സവം സമാപിച്ചു. ചൊവ്വാഴ്ച രാവിലെ 10-ന് ഭണഡാരവീട്ടില്‍നിന്നുള്ള കലമാണ് ആദ്യം സമര്‍പ്പിച്ചത്. തുടര്‍ന്ന് നൂറുകണക്കിന് ഭക്തര്‍ നിവേദ്യകലങ്ങളുമായി ക്ഷേത്രത്തിലെത്തി.
 
സന്ധ്യകഴിഞ്ഞ് മൂത്തഭഗവതിയുടെ കര്‍മി ബാലകൃഷ്ണന്‍ കാര്‍ന്നോര്‍ കല്ലൊപ്പിച്ചശേഷം നിവേദ്യംസ്വീകരിച്ചു ഭക്തര്‍ മടങ്ങിയതോടെയായിരുന്നു സമാപനം. ഉണക്കലരി, അരിപ്പൊടി, ശര്‍ക്കര, കുരുത്തോല, തേങ്ങ, അടയ്ക്ക, വെറ്റില എന്നിവയാണ് നിവേദ്യവസ്തുക്കള്‍.
 
ഇതെല്ലാം പുത്തന്‍ മണ്‍കലത്തിലാക്കി, വാഴയിലകൊണ്ടു മൂടിക്കെട്ടി വ്രതശുദ്ധിയോടെ സ്ത്രീകള്‍ കാല്‍നടയായി ക്ഷേത്രത്തിലെത്തിക്കും. ക്ഷേത്രമുറ്റത്തുതന്നെ ഇത് പാകം ചെയ്യും. കുരുത്തോലയിലാണ് അട ചുട്ടെടുക്കുന്നത്. ഇവ ദേവിക്ക് നിവേദിച്ചശേഷം ഭക്തര്‍ ഏറ്റുവാങ്ങി വീടുകളിലേക്ക് തിരികെ പോകുന്നതോടെ കനിപ്പ് സമാപിക്കും.
 
കുടുംബത്തിന്റെ ഐശ്വര്യത്തിനും രോഗമുക്തിക്കും ഉയര്‍ന്നജോലികിട്ടാനുമൊക്കെ ജാതി-മത വ്യത്യാസമില്ലാതെ പാലക്കുന്നമ്മയ്ക്ക് കലംകനിപ്പ് നേര്‍ച്ച നേരാറുണ്ട്. തീയ്യ സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ മാത്രമാണ് കലംകനിപ്പിനെത്തുന്നത്. മറ്റു സമുദായക്കാര്‍ വഴിപാട് നടത്താന്‍ ഇവരെ ചുമതലപ്പെടുത്തുകയാണ് പതിവ്.
 
ഈ ദിവസം ക്ഷേത്രസന്നിധിയില്‍ എത്തുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും മണ്‍ചട്ടിയില്‍ ഉണക്കലരി കഞ്ഞിയും അച്ചാറും ദേവീപ്രസാദമായി നല്‍കും. ധനുമാസത്തില്‍ നടക്കുന്ന ചെറിയ കലംകനിപ്പ് ആണിത്. അടുത്തമാസം ഇതേ തീയതിക്ക് ക്ഷേത്രത്തില്‍ ആയിരങ്ങള്‍ എത്തുന്ന കലംകനിപ്പ് മഹാനിവേദ്യം നടക്കും. കഴിഞ്ഞവര്‍ഷം പതിനായിരത്തോളം കലം എത്തിയിരുന്നു.