പടന്ന: പടന്നയിലെ ഓട്ടോത്തൊഴിലാളികള്‍ നന്മയുടെ പര്യായമാണ്. ഒന്നോ രണ്ടോ ദിവസത്തെ കാരുണ്യവഴികളല്ല. മറിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി തുടരുന്ന സാന്ത്വനപരിപാടികളിലൂടെ പുതിയ കര്‍മപദ്ധതികള്‍ ഏറ്റെടുത്ത് നടത്തിക്കൊണ്ടാണ് ഇവര്‍ സഹജീവിസ്‌നേഹത്തിന്റെ പുതിയ പാഠങ്ങള്‍ തീര്‍ക്കുന്നത്.

പടന്നയിലെ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ അംഗങ്ങളായ ഓട്ടോഡ്രൈവര്‍മാരാണ് നാടിന് മാതൃകയാക്കാവുന്ന പദ്ധതി നടപ്പാക്കുന്നത്. ഡയാലിസിസിന് വിധേയരാകുന്ന വൃക്കരോഗികള്‍ക്ക് കൈത്താങ്ങ് ഒരുക്കുന്നതാണ് പുതിയ പദ്ധതി.

പരിയാരത്തിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള ഡയാലിസിസ് കേന്ദ്രങ്ങളില്‍ രോഗികളെ സൗജന്യമായി എത്തിക്കുന്നതിനുള്ള സന്നദ്ധതയാണ് ഇവര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. തീര്‍ത്തും നിര്‍ധനരായ രോഗികളെ ഉദ്ദേശിച്ചുള്ള പരിപാടിയില്‍ ഒരു രോഗിക്ക് മാസത്തില്‍ ഒരുതവണയാണ് സൗജന്യയാത്ര ഒരുക്കുന്നത്.

55 ഓട്ടോ തൊഴിലാളികള്‍ ഊഴംവെച്ചാണ് ഓരോദിവസവും ഓട്ടംപോവുക. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ മുന്‍കൂട്ടി രജിസ്റ്റര്‍ചെയ്യുന്നവരെയാണ് തിരഞ്ഞെടുക്കുന്നത്. രണ്ടുവര്‍ഷംമുമ്പ് ആരംഭിച്ച സാന്ത്വനംപദ്ധതി വഴിയാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

വൃക്ക, കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തികസഹായം ഉദ്ദേശിച്ചുകൊണ്ട് തുടങ്ങിയ പദ്ധതിപ്രകാരം രണ്ടുവര്‍ഷമായി നാല് കുടുംബങ്ങള്‍ക്ക് ഭക്ഷണച്ചെലവും ഇവര്‍ നല്കുന്നുണ്ട്. ഓരോമാസത്തെയും പലവ്യഞ്ജനസാധനങ്ങളുടെ ചെലവ് ഇവര്‍ വഹിക്കും. ഒരു കുടുംബത്തിന് ശരാശരി 4,000 രൂപയാണ് പ്രതിമാസം ഇതിനായി ചെലവിടുന്നത്.

തൊഴിലാളികളെടുക്കുന്ന വരിസംഖ്യ, ഇവരുടെ പ്രവര്‍ത്തങ്ങളറിഞ്ഞ് നാട്ടുകാര്‍ നല്കുന്ന സംഭാവന, ഇപ്പോള്‍ ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്ന മുന്‍ ഓട്ടോതൊഴിലാളികളുടെ പ്രവാസികൂട്ടായ്മ എന്നിവരുടെ സംഭാവനയാണ് ഇവരുടെ മൂലധനം.

നാട്ടുകാര്‍ക്ക് ചെയ്തുവരുന്ന സഹായങ്ങള്‍ക്കൊപ്പം ഇവര്‍ സഹപ്രവര്‍ത്തകര്‍ക്കും കൈത്താങ്ങാകുന്നുണ്ട്. തിങ്കളാഴ്ച ഈ 55 പേര്‍ ഓടുന്നത് ഒരു സഹപ്രവര്‍ത്തകന്റെ ചികിത്സാച്ചെലവിനാണ്. അന്ന് നിരത്തിലിറങ്ങുന്ന 55 വണ്ടികളില്‍നിന്നുള്ള വരുമാനം പൂര്‍ണമായും ഇതിനായാണ് നീക്കിവെക്കുന്നത്.

എസ്.ടി.യു. പടന്ന പഞ്ചായത്ത് കമ്മിററി പ്രസിഡന്റ് കെ.എം.എ.ഖാദര്‍, സെക്രട്ടറി യു.എം.സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഡയാലിസിസിന് പോകാന്‍ വാഹനമാവശ്യമുള്ളവര്‍ ഫോണില്‍ വിളിച്ച് മുന്‍കൂട്ടി ബുക്കുചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 8289944745, 9895116823.