ചീമേനി: കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന തുറന്നജയിലിലെ പദ്ധതികള്‍ പലതും പാതിവഴിയില്‍.
 
പണി പൂര്‍ത്തിയായിട്ടും ബ്യൂട്ടി പാര്‍ലര്‍ തുറന്നുകൊടുക്കാനുള്ള സമയം നോക്കിയിരിക്കുകയാണ് അധികൃതര്‍. ആട്, കോഴി, പശു ഫാമുകള്‍ക്കായി പണിത ഷെഡുകള്‍ മാസങ്ങളായിട്ടും ഉപയോഗയോഗ്യമായിട്ടില്ല.

ജയില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞവര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ 32 ലക്ഷത്തോളം രൂപയാണ് അനുവദിച്ചിരുന്നത്.
 
കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഫാമുകളുടെ ഭൂരിഭാഗം പ്രവൃത്തികളും പൂര്‍ത്തിയാക്കിയിരുന്നു. വിവിധ ഫാമുകള്‍ക്കായി അഞ്ച് വലിയ ഷെഡുകളാണ് പണിതത്.

പൊതുജനങ്ങള്‍ക്ക് മുടി മുറിക്കാനും മുഖസൗന്ദര്യം കൂട്ടാനും ഹൈടെക് ബൂട്ടി പാര്‍ലറാണ് തുറന്നജയില്‍ കവാടത്തിനരികെ നിര്‍മിച്ചത്.
 
എ.സി. അടക്കം എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്റീരിയര്‍ ജോലികള്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.
 
ഏഴു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യത്തോടെ കെട്ടിടം ഒരുക്കിയിട്ടുള്ളത്. ഏഴ് തടവുകാര്‍ക്ക് ഇതിനായി ഒരുമാസത്തെ പരിശീലനവും നല്‍കിയിട്ടുണ്ട്.
 
പ്ലാന്‍ ഫണ്ടില്‍ തന്നെ ചെങ്കല്‍ കുഴിയില്‍ പോളിത്തീന്‍ കവര്‍ ഉപയോഗിച്ച് വിശാലമായ മഴവെള്ള സംഭരണിയും നിര്‍മിച്ചിട്ടുണ്ട്. ഇതിനും അവസാനഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാകാനുണ്ട്.
 
കഴിഞ്ഞ മാര്‍ച്ചില്‍ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതിനിടെയാണ് ഗോപൂജ വിവാദത്തെത്തുടര്‍ന്ന് സൂപ്രണ്ട് സസ്‌പെന്‍ഷനിലാകുന്നത്. തുടര്‍ന്ന് ഇതുവരെ ജോയിന്റ് സൂപ്രണ്ടാണ് ചുമതല വഹിക്കുന്നത്.