നീലേശ്വരം: പട്ടയം കൈവശമുണ്ടായിട്ടും ബിരിക്കുളം കൂടോലിലെ കര്‍ഷകകുടുംബങ്ങളുടെ സ്ഥലം സര്‍ക്കാര്‍ മിച്ചഭൂമിയായി മാറി. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയോട് ചേര്‍ന്നുള്ള കൂടോലിലെ 58 ഏക്കറാണ് സാങ്കേതികക്കുരുക്കില്‍പ്പെട്ട് മിച്ചഭൂമിയായി മാറിയത്. നിലവില്‍ കരമടയ്ക്കാന്‍ പോലും പറ്റാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ കുടുംബങ്ങള്‍. പട്ടയം കൈവശമുള്ള 18 കുടുംബങ്ങളാണ് കൃഷിചെയ്തും വീടുവച്ചും ഇവിടെ താമസിക്കുന്നത്. ഇതില്‍ പലരും കുടിയാന്മാരില്‍നിന്ന് സ്ഥലം പണം കൊടുത്ത് വാങ്ങിയവരുമാണ്. കൂടാതെ വര്‍ഷങ്ങളായി സ്ഥലം കൈവശംവെച്ചിട്ടുള്ള 14 കുടുംബങ്ങളും ഇവിടെയുണ്ട്.

2008-ലാണ് സ്വന്തം സ്ഥലം മിച്ചഭൂമിയായ കാര്യം ഈ കുടുംബങ്ങള്‍ അറിയുന്നത്. ഇതിനുമുമ്പ് പലരും സ്ഥലം ക്രയവിക്രയം നടത്തിയിട്ടുണ്ട്. ഒമ്പതുവര്‍ഷമായി 18 കുടുംബങ്ങള്‍ക്ക് നികുതി അടയ്ക്കാനോ മറ്റ് കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ച് നല്‍കാനോ നടപടിയുണ്ടായിട്ടില്ല. അധികൃതരുടെ അനാസ്ഥ കാരണമാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാത്തതെന്ന് ഈ കുടുംബങ്ങള്‍ പറയുന്നു.
 
1976-ലാണ് പരപ്പ വില്ലേജില്‍ 152/1C സര്‍വേ നമ്പറിലെ 68 ഏക്കറിന്റെ പട്ടയം അന്നത്തെ ജന്മിയായിരുന്ന കക്കാട്ട് കോവിലകത്തെ മഹാപ്രഭാ തമ്പുരാട്ടി കര്‍ഷകകുടുംബങ്ങള്‍ക്ക് നല്‍കിയത്. പിന്നീട് ഇതേ ഭൂമിയുടെ കൈവശാവകാശം മഹാപ്രഭാ തമ്പുരാട്ടി ശംഭുനമ്പൂതിരി എന്നയാള്‍ക്ക് നല്‍കി. ശംഭുനമ്പൂതിരി പത്ത് ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക് പതിച്ച് നല്‍കുകയും ബാക്കി 58 ഏക്കര്‍ ഭൂമി നോക്കി നടത്താന്‍ കഴിയാത്തതിനാല്‍ സര്‍ക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു.
 
സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ സ്ഥലത്ത് മറ്റാര്‍ക്കെങ്കിലും പട്ടയം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. വെള്ളരിക്കുണ്ട് താലൂക്ക് വന്നതിന് ശേഷം തഹസില്‍ദാര്‍ ഇവിടത്തെ ഓരോരുത്തരുടേയും കൈവശമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തിയിരുന്നു. പിന്നീട് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നടപടിയുണ്ടായില്ലെന്നും അവര്‍ പറയുന്നു. നിലവില്‍ പഞ്ചായത്തില്‍നിന്ന് അനുവദിച്ചുകിട്ടിയ വീട് കെട്ടാനോ വായ്പയെടുക്കാനോ കാര്‍ഷിക ആനുകൂല്യങ്ങള്‍ നേടാനോ ഇവര്‍ക്ക് സാധിക്കുന്നില്ല. ഒക്ടോബര്‍ 30-ന് വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തില്‍ കളക്ടര്‍ കെ.ജീവന്‍ ബാബു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞിരുന്നു. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഈ കുടുംബങ്ങള്‍.