നീലേശ്വരം: മന്നന്‍പുറത്ത് കാവ് ഭഗവതിക്ഷേത്രം കലശോത്സവത്തിന് മുന്നോടിയായി മത്സ്യക്കോവകള്‍ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചു. കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതിക്ഷേത്രത്തില്‍നിന്നാണ് പുഴമത്സ്യക്കോവകള്‍ എഴുന്നള്ളിച്ചത്.

ഏഴുവീതം വലിയ മത്സ്യങ്ങള്‍ ഏഴ് കോവകളിലാക്കി തണ്ടില്‍തൂക്കിയിട്ടാണ് മന്നന്‍പുറത്ത് കാവില്‍ എത്തിച്ച് ദേവിക്ക് സമര്‍പ്പിച്ചത്.

ക്ഷേത്രസ്ഥാനികര്‍, ആചാരക്കാര്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, വാല്യക്കാര്‍ തുടങ്ങിയവരുടെ അകമ്പടിയോടെയാണ് ദേവീ-ദേവന്മാരുടെ തിരുമുടികള്‍ ഉയരുന്നതിനുമുന്‍പ് ദേവിക്ക് കാഴ്ചവെച്ചത്.

കലശോത്സവത്തിനുശേഷം ഇതില്‍ ഒരു കോവമത്സ്യം കറിവെച്ച് രാത്രി ദേവിക്ക് നിവേദിച്ചു. അവശേഷിക്കുന്ന ആറ് കോവകള്‍ പാരമ്പര്യ ട്രസ്റ്റിമാരായ മൂത്തോര്‍, എറുവാട്ട് അച്ഛന്‍, അരമന അച്ഛന്‍, തെക്ക്, വടക്ക് കളരിക്കാര്‍, ദേവിയുടെ കോലധാരിയായ അഞ്ഞൂറ്റാന്‍ എന്നിവര്‍ക്ക് അവകാശപ്പെട്ടതാണ്. കലശം കഴിഞ്ഞ ഉടനെ അതെല്ലാം അവകാശികള്‍ക്ക് വിതരണംചെയ്തു.

നിത്യവും മധുമാംസത്തോടൊപ്പം ദേവിക്ക് ചെറുപയറാണ് നൈവേദ്യമായി വിളമ്പാറുള്ളതെങ്കിലും കലശദിവസം മാത്രം മുതിരയാണ് നൈവേദ്യം. വടക്കെ കളരിക്കാരാണ് ദേവിക്ക് നിത്യകലശം സമര്‍പ്പിക്കാറ്. എന്നാല്‍, കലശോത്സവ ദിവസം ഈ അവകാശം തെക്കെ കളരിക്കാര്‍ക്കാണ്.