നീലേശ്വരം: പട്ടയം കൈവശമുണ്ടായിട്ടും സ്വന്തം സ്ഥലം സര്‍ക്കാര്‍ രേഖകളില്‍ മിച്ചഭൂമിയായ ഹതഭാഗ്യരില്‍ ഒരാളാണ് കൂടോലിലെ കൊഴുമ്മല്‍ രാമചന്ദ്രന്‍. 2010-ലാണ് രാമചന്ദ്രന്‍ കൂടോലില്‍ ഏഴ് ലക്ഷത്തോളം രൂപ നല്‍കി ഒരേക്കര്‍ സ്ഥലം വാങ്ങുന്നത്. എന്നാല്‍, നിലവില്‍ വീടുള്‍പ്പടെയുള്ള 67 സെന്റ് സ്ഥലം മിച്ചഭൂമിയാണെന്നാണ് അധികാരികള്‍ പറയുന്നത്.

രക്തവാതം പിടിപെട്ട് കിടപ്പിലായ രാമചന്ദ്രനും ഭാര്യ യമുനയും ഇപ്പോള്‍ എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ്. കടബാധ്യതമൂലം കുടുംബസ്വത്ത് വിറ്റാണ് രണ്ട് പെണ്‍മക്കളുടെ വിവാഹം കഴിപ്പിക്കുന്നതും കൂടോടില്‍ സ്ഥലം വാങ്ങുന്നതും. ബാക്കി പണത്തിന് വീട് കെട്ടാനും തുടങ്ങി. എന്നാല്‍, ബാങ്ക് വായ്പ പോലും എടുക്കാന്‍ സാധിക്കാത്തതിനാല്‍ വീട് പണി പാതിയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

2015-മുതലാണ് വില്ലേജ് അധികൃതര്‍ 67 സെന്റ് സ്ഥലത്തിന്റെ നികുതി അടയ്ക്കാന്‍ കഴിയില്ലെന്നും അത് സര്‍ക്കാര്‍ ഭൂമിയാണെന്നും പറയുന്നത്. പ്രദേശത്തെ 68 ഏക്കര്‍ സ്ഥലം അന്നത്തെ ജന്മിയായ കക്കാട്ട് കോവിലകത്തെ മഹാപ്രഭാ തമ്പുരാട്ടിയുടെ കൈവശമായിരുന്നു. 1976-ലാണ് പരപ്പ വില്ലേജില്‍ 152/1സി സര്‍വേ നമ്പറില്‍പെടുന്ന സ്ഥലത്തിന്റെ പട്ടയം കര്‍ഷക കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. ഇതേസ്ഥലത്തിന്റെ കൈവശാവകാശം പിന്നീട് ശംഭു നമ്പൂതിരി എന്നയാള്‍ക്ക് ജന്മി നല്‍കുകയും ചെയ്തു. ശംഭു നമ്പൂതിരി പത്ത് ഏക്കറില്‍ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുകയും ബാക്കി സ്ഥലം സര്‍ക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു.

സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ സ്ഥലത്ത് മറ്റാര്‍ക്കെങ്കിലും പട്ടയം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കാത്തതാണ് പ്രധാന പ്രശ്‌നങ്ങള്‍ക്ക് കാരണം. എന്നാല്‍, ശംഭുനമ്പൂതിരി സര്‍ക്കാരിന് നല്‍കിയ സ്ഥലം മിച്ചഭൂമിയായി കുമ്പളപ്പള്ളിയിലെ ജാനകിക്ക് പതിച്ചുനല്‍കിയിരുന്നു. ആ സ്ഥലം അഞ്ചുപേര്‍ കൈമാറി രാമചന്ദ്രന്‍ വാങ്ങിയപ്പോഴാണ് വീണ്ടും സ്ഥലം മിച്ചഭൂമിയാണെന്ന വിചിത്രവാദം അധികൃതര്‍ ഉന്നയിക്കുന്നത്. രണ്ട് സബ് ഡിവിഷനുകളിലാണ് (152/1ഇ, 152/1സി] രാമചന്ദ്രന്റെ സ്ഥലം ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ 152/1സിയിലെ സ്ഥലമാണ് മിച്ചഭൂമിയായത്. മാസം ആയിരത്തോളം രൂപയാണ് ഈ കുടുംബത്തിന് ചികിത്സയ്ക്കായി വേണ്ടിവരുന്നത്. കൂടുതലും തരിശ് ഭൂമിയായ പ്രദേശത്ത് കുറച്ച് റബ്ബര്‍മരങ്ങള്‍ മാത്രമാണ് ഏക വരുമാനമാര്‍ഗം. ഇത്രയും കഷ്ടതകള്‍ അനുഭവിക്കുന്ന കുടുംബം മുന്‍ഗണനാ പട്ടികയില്‍നിന്ന് പുറത്തുമാണ്.