നീലേശ്വരം: ലൈഫ് പദ്ധതിയിലൂടെ സംസ്ഥാനത്ത് ഭൂമിയില്ലാത്ത അഞ്ചുലക്ഷത്തിലധികം ആളുകള്‍ക്ക് വീട് നല്‍കാനുള്ള വലിയ ശ്രമത്തിലാണ് സര്‍ക്കാറെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.
 
മടിക്കൈ ഐ.എച്ച്.ആര്‍.ഡി. മോഡല്‍ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി എം.എല്‍.എ.മാര്‍ക്ക് ഭൂദാനയജ്ഞം നടത്താനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറുള്ളവരില്‍നിന്നും സര്‍ക്കാര്‍ സമ്മതം സ്വീകരിക്കുകയാണ് ലക്ഷ്യം.
 
പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് സ്ഥലമുണ്ടെങ്കിലും അത് വേണ്ടസ്ഥലങ്ങളില്‍ ലഭ്യമാകാത്തതുകൊണ്ടാണ് ഇത്തരത്തിലൊരു ചുവടുവെപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
കോളേജിന്റെ അക്കാദമിക് കെട്ടിടോദ്ഘാടനം പി.കരുണാകരന്‍ എം.പി. നിര്‍വഹിച്ചു.

സംഘാടകസമിതി ചെയര്‍മാന്‍ സി.പ്രഭാകരന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസഡന്റ് എ.ജി.സി.ബഷീര്‍ മുഖ്യാതിഥിയായിരുന്നു.
 
കണ്ണൂര്‍ സര്‍വകലാശാല സിന്റിക്കേറ്റംഗം ഡോ. വി.പി.പി.മുസ്തഫ, കെ.പ്രമീള, ഡോ. പി.സുരേഷ് കുമാര്‍, എം.അബ്ദുള്‍റഹിമാന്‍, കെ.വി.കുമാരന്‍, എം.രാജന്‍, എസ്.പ്രീത, ബങ്കളം കുഞ്ഞിക്കൃഷ്ണന്‍, മടത്തിനാട്ട് രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.