നീലേശ്വരം: ഇന്ത്യന്‍ മണ്‍സൂണ്‍ ഫെസ്റ്റിന് പട്ടേന ഗ്രാമം ഒരുങ്ങി. കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനത്തെ കലാകാരന്മാര്‍ ഒരുക്കുന്ന സര്‍ഗോത്സവം ഇവിടെ നടക്കും. ഏഴിന് വൈകീട്ട് അഞ്ചുമണിക്ക് പ്രമോദ് പയ്യന്നൂര്‍ ഇന്ത്യന്‍ മണ്‍സൂണ്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന്‍ അധ്യക്ഷത വഹിക്കും. പട്ടേന ജനശക്തി സാംസ്‌കാരികവേദിയാണ് ആതിഥ്യമരുളുന്നത്.

പഞ്ചാബ്, ഗുജറാത്ത്, ഒഡിഷ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ 150-ഓളം കലാകാരന്മാരുടെ വൈവിധ്യ കലാപ്രകടനങ്ങള്‍ കാണാം. പൂര്‍ണമായും പരിസ്ഥിതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനമാണ് നടക്കുന്നത്. നഗരസഭാ കൗണ്‍സിലര്‍ എ.വി.സുരേന്ദ്രന്‍ ചെയര്‍മാനും ജനശക്തി സാംസ്‌കാരികവേദി സെക്രട്ടറി ഇ.കെ.സുനില്‍കുമാര്‍ ജനറല്‍ കണ്‍വീനറുമായ സംഘാടകസമിതിയാണ് നേതൃത്വം നല്‍കുന്നത്.

ഏഴിന് നടക്കുന്ന ചടങ്ങില്‍ കലാകാരന്മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മുന്‍ എം.എല്‍.എ. കെ.പി.സതീഷ് ചന്ദ്രന്‍ വിതരണം ചെയ്യും. ഡോ. ജി.കെ.ശ്രീഹരി മുഖ്യാതിഥി ആകും.