മഞ്ചേശ്വരം: മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ ദേശീയപാത അധികൃതര്‍ രണ്ടു ദിവസംകൊണ്ട് അറ്റകുറ്റപ്പണിനടത്തി ശരിയാക്കി. കുമ്പളയ്ക്കും മഞ്ചേശ്വരത്തിനുമിടയില്‍ പലയിടത്തായി ദേശീയപാത തകര്‍ന്ന് കുഴികള്‍ നിറഞ്ഞിരുന്നു.

ഉപ്പള ബസ് സ്റ്റാന്‍ഡിനുസമീപവും മഞ്ചേശ്വരം ചെക്‌പോസ്റ്റിനുസമീപവും പൊട്ടിപ്പൊളിഞ്ഞ റോഡില്‍ യാത്ര ദുര്‍ഘടമായിട്ടും അനങ്ങാതിരുന്ന അധികൃതര്‍ പക്ഷേ, രണ്ടുദിവസമായി അറ്റകുറ്റപ്പണി നടത്തുന്ന തിരക്കിലായിരുന്നു. റോഡ് തകര്‍ന്ന് നാളേറെയായെങ്കിലും ഇതുവരെ കാണാത്ത ഉത്സാഹം കണ്ട് നാട്ടുകാരും യാത്രക്കാരും അത്ഭുതപ്പെട്ട് നില്‍ക്കുമ്പോഴാണ് കാര്യം മനസ്സിലായത്.

പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ വെള്ളിയാഴ്ച മഞ്ചേശ്വരത്ത് രണ്ട് പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസിനുവേണ്ടി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലിനും കൈക്കമ്പ-ബായാര്‍ റോഡ് ഉദ്ഘാടനത്തിനുമായാണ് മന്ത്രിയെത്തുന്നത്. ഇത് പ്രമാണിച്ചാണ് മന്ത്രിയെത്തുന്നതിന് തൊട്ടുമുന്‍പ് റോഡിന്റെ അറ്റകുറ്റപ്പണി തകൃതിയായി നടത്തിയത്.