മഞ്ചേശ്വരം: രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്ന മഞ്ചേശ്വരം താലൂക്ക് ഓഫീസ് ദുരിതക്കയത്തില്‍. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമാണ് പ്രധാന പ്രശ്‌നം.
ഉപ്പള ബസ്സ്റ്റാന്‍ഡിന് സമീപം സ്വകാര്യവ്യക്തിയുടെ മഉടമസ്ഥതയിലുള്ള കെട്ടിടസമുച്ചയത്തില്‍ ഒന്നും രണ്ടും നിലകളിലാണ് ഓഫീസ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്.
ഫയലുകളും അനുബന്ധരേഖകളും സൂക്ഷിക്കാന്‍ ഫര്‍ണിച്ചര്‍ ഇല്ലാത്തതും സ്ഥലപരിമിതിയും ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കുന്നു. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തതുള്‍പ്പെടെ പലവിധത്തില്‍ ബുദ്ധിമുട്ടനുഭവിക്കുകയാണ് ദിനംപ്രതി ഇവിടെയെത്തുന്ന നൂറുകണക്കിനാളുകള്‍.
ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ 2014 മാര്‍ച്ച് 20-നാണ് താലൂക്ക് ഉദ്ഘാടനം ചെയ്തത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
രണ്ടുവര്‍ഷം തികയുമ്പോഴും താലൂക്ക് സര്‍വേയറെ നിയമിച്ചിട്ടില്ല. രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമാണുള്ളത്.
ഒരു ഓഫീസ് അസിസ്റ്റന്റ് തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ജീവനക്കാരില്ലാത്തത് താലൂക്കിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.
ഏറെ സുരക്ഷിതത്വം ആവശ്യമുള്ളതാണ് തിരഞ്ഞെടുപ്പ് വിഭാഗം. രഹസ്യ സ്വഭാവമുള്ള തിരഞ്ഞെടുപ്പ് രേഖകളും ഫയലുകളും സൂക്ഷിക്കേണ്ട ഈ ഓഫീസ് ഒരുസുരക്ഷതിതത്വവും ഇല്ലാത്ത അവസ്ഥയിലാണ്.
ഫയലുകളും അനുബന്ധരേഖകളും സൂക്ഷിക്കാന്‍ ഫര്‍ണിച്ചറും അലമാരകളും ഇല്ലാത്തതിനാല്‍ വെറും നിലത്ത് അടുക്കിവെച്ച നിലയിലാണിവ. ഇതുമൂലം ജീവനക്കാര്‍ക്ക് നിന്നുതിരിയാന്‍ പറ്റാത്ത സ്ഥിതിയാണ്.
തിരഞ്ഞെടുപ്പ് സെക്്ഷന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും സൗകര്യമൊരുക്കുന്നതിനും സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ അനുവദിച്ചെങ്കിലും തുക ഇതുവരെ കൈമാറിയിട്ടില്ല. കടലാസ്രഹിത താലൂക്കോഫീസാണിത്.
പോക്കുവരവുള്‍പ്പെടെ സേവനങ്ങള്‍ പലതും ഓണ്‍ലൈനാണ്. എന്നാല്‍, ആവശ്യമായ കമ്പ്യൂട്ടറുകളില്ലാത്തതിനാല്‍ ഇത് ഫലപ്രദമല്ല. 65 കമ്പ്യൂട്ടറുകള്‍ വേണ്ടിടത്ത് 10 കമ്പ്യൂട്ടറുകളും മൂന്ന് ലാപ്‌ടോപ്പുകളുമാണ് അനുവദിച്ചത്.
ബാലാരിഷ്ടതകളില്‍ നട്ടം തിരിയുന്ന താലൂക്കോഫീസിന് ആശ്വാസം ജീവനക്കാരുടെ കനിവുമാത്രമാണ്. ഫ്രണ്ട് ഓഫീസ് സൗകര്യം, മൈക്ക്, കുടിവെള്ളം, നെറ്റ് സംവിധാനത്തിനുള്ള സൗകര്യം എന്നിവയെല്ലാം ഏര്‍പ്പാടാക്കിയത് ജീവനക്കാര്‍ സ്വന്തം നിലയ്ക്കാണ്.
പുതിയ താലൂക്ക് പ്രഖ്യാപിച്ചപ്പോള്‍ ഇതിന്റെ ആസ്ഥാനത്തെച്ചൊല്ലി വലിയ വിവാദമാണുണ്ടായത്. മഞ്ചേശ്വരത്ത് വേണമെന്നും ഉപ്പളയിലാക്കണമെന്നുമുള്ള ആവശ്യം ഉയര്‍ന്നിരുന്നു. മഞ്ചേശ്വരത്ത് സൗജന്യമായി സ്ഥലം വിട്ടുകൊടുക്കാന്‍വരെ ആളുകള്‍ ഉണ്ടായിരുന്നു. കൂടാതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥലവും കെട്ടിടങ്ങളും മഞ്ചേശ്വരത്തുതന്നെയുണ്ടായിരുന്നെങ്കിലും വിവാദങ്ങള്‍ക്കൊടുവില്‍ താലൂക്ക് ഉപ്പളയില്‍ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.
താലൂക്കിന്റെ കെട്ടിടനിര്‍മാണത്തിന് രണ്ട് കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. എന്നാല്‍, ഉപ്പളയില്‍ ഇതിനാവശ്യമായ സ്ഥലം കണ്ടെത്താന്‍ സാധിക്കാത്തത് താലൂക്കിന്റെ വികസനത്തിന് തിരിച്ചടിയായി.