കാസര്‍കോട്: അഴിമതിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച പൈവെളിഗെയില്‍ വ്യാപകമായി അഴിമതിനടക്കുന്നുവെന്ന ആരോപണവുമായി പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാനും സി.പി.എമ്മും രംഗത്ത്. ചെയ്യാത്തജോലിക്ക് കൂലി നല്കി അഴിമതിക്ക് പഞ്ചായത്തധികൃതര്‍ കൂട്ടുനില്ക്കുകയാണെന്ന് സ്ഥിരംസമിതി ചെയര്‍മാന്‍ അബ്ദുള്‍റസാഖ് ചിപ്പാറും സി.പി.എം. ലോക്കല്‍കമ്മിറ്റിയംഗം നാരായണ ഷെട്ടിയും പത്രസമ്മേളനത്തില്‍ ആരോപിച്ചു.
മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് ചെയ്യാത്തജോലിക്ക് തൊഴിലുറപ്പിലൂടെ കൂലി നല്കുകയാണ്. മസ്റ്റര്‍റോളില്‍ അനധികൃതമായി പേരുചേര്‍ത്തത് ചൂണ്ടിക്കാണിച്ചിട്ടും എന്‍ജിനീയര്‍മാര്‍ നടപടി എടുത്തിട്ടില്ലെന്ന് അബ്ദുള്‍റസാഖ് പറഞ്ഞു. കൈക്കൂലി കൊടുത്താല്‍മാത്രം ജനങ്ങള്‍ക്ക് ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുന്ന സാഹചര്യമാണ് പഞ്ചായത്തില്‍. പലതവണ സമരംനടത്തിയിട്ടും ഫ്രണ്ട് ഓഫീസ് സംവിധാനം നടപ്പാക്കാന്‍ പഞ്ചായത്തധികൃതര്‍ തയ്യാറായിട്ടില്ല. ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് സി.പി.എം. ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.