കാസര്‍കോട്: 32 വര്‍ഷങ്ങള്‍ക്കുശേഷമുള്ള ദേശീയ ബാസ്‌കറ്റ്‌ബോള്‍ കിരീടനേട്ടം കാസര്‍കോട് ജില്ലയ്ക്ക് അഭിമാനമായി. ടീമിന്റെ മുഖ്യപരിശീലകനടക്കം മൂന്നുപേര്‍ ജില്ലയില്‍നിന്നുള്ളരാണ്. മുഖ്യ കോച്ച് സുദീപ് ബോസ്, സഹപരിശീലകന്‍ കെ.സുനില്‍, കണ്ടിജന്റ് ലീഡര്‍ പ്രൊഫ. പി.രഘുനാഥ് എന്നിവരാണിവര്‍.

രണ്ടുവര്‍ഷമായി കേരള ടീമിന്റെ പരിശീലനം നടന്നത് രാജപുരം സെയ്ന്റ് പയസ് ടെന്‍ത് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ്. നാലുവര്‍ഷമായി ഇവര്‍ കേരള ജൂനിയര്‍ ടീമിന്റെ കൂടെയുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറികൂടിയായ സുദീപ് ബോസ് ചെറുവത്തൂര്‍ കാടങ്കോട് സ്വദേശിയാണ്. യു.ബി.എ. ദേശീയ ബാസ്‌കറ്റ്‌ബോള്‍ ലീഗില്‍ ചാമ്പ്യന്മാരായ മുംബൈ ചലഞ്ചേഴ്‌സിന്റെ പരിശീലകന്‍കൂടിയാണ് സുദീപ് ബോസ്.

ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയാണ് മട്ടലായി സ്വദേശിയായ സുനില്‍. മുന്‍ എം.എല്‍.എ. കെ.കുഞ്ഞിരാമന്റെ മകനാണ്. കണ്ടിജന്റ് ലീഡറായിരുന്ന പ്രൊഫ. പി.രഘുനാഥ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗവും കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ നിര്‍വാഹകസമിതി അംഗവുമാണ്.