കാസര്‍കോട്: ഓഖിദുരന്തത്തില്‍ മരിച്ചയാളുടെ മൃതദേഹം കരയ്‌ക്കെത്തിക്കാന്‍ ബോട്ടു വിട്ടുനല്‍കിയ മത്സ്യത്തൊഴിലാളിയുടെ ബോട്ട് ജപ്തി ഭീഷണി നേരിടുന്നു. കസബ കടപ്പുറത്തെ അടുക്കത്ത്ബയല്‍ സ്വദേശിയായ കെ.നാരായണനാണ് അധികൃതരുടെ അനാസ്ഥ കാരണം പ്രതിസന്ധിയിലായിരിക്കുന്നത്. ബോട്ട് തകര്‍ന്നതു കാരണം ആറു മാസമായി കടലില്‍ പോയിട്ടില്ലെന്നാണ് നാരായണന്‍ പറയുന്നത്. ജീവിതച്ചെലവിനായി ഇടയ്ക്ക് മറ്റു ബോട്ടുകളില്‍ പണിക്കു പോവും.

ബോട്ട് വാങ്ങുന്നതിനായി ബാങ്കില്‍ നിന്നു കടമെടുത്ത തുക തിരിച്ചടയ്ക്കാത്തതോടെ ഇപ്പോള്‍ ജപ്തി ഭീഷണിയിലുമാണ്. ഇദ്ദേഹവും മരുമക്കളായ എസ്.രവി, എസ്.ബാബു എന്നിവരും ഈ ബോട്ടില്‍ തന്നെയാണ് പോയിരുന്നത്. ബോട്ട് തകരാറിലായതോടെ കുടുംബത്തിലെ മൂന്നു പേര്‍ക്കും ജോലിയില്ലാതെ വരുമാനം നിലച്ചു. എന്‍ജിന്‍ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ കടമെടുത്തത് തിരിച്ചടയ്ക്കാന്‍ പോലുമാവാതെ ദുരിതമനുഭവിക്കുകയാണ്. കപ്പലില്‍ നിന്ന് മൃതദേഹം ബോട്ടില്‍ കയറ്റുന്നതിനിടെ കപ്പലിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ അബദ്ധത്തില്‍ ബോട്ടില്‍ വീണാണ് ബോട്ടിനു കേടുപറ്റിയത്. ഇതൊന്നും ഗൗനിക്കാതെ മൃതദേഹം കരയ്‌ക്കെത്തിച്ചു. പിറ്റേന്നു പരിശോധിച്ചപ്പോഴാണ് കേട് പറ്റിയ ഭാഗം നന്നാക്കാതെ മീന്‍ പിടിക്കാന്‍ പോവാന്‍ സാധിക്കില്ലെന്നു മനസ്സിലായത്. കടലില്‍ സുരക്ഷിതമായി പോവണമെങ്കില്‍ കേടുപാടുകള്‍ നന്നാക്കണം. ഒരുലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ കാര്യം ഉദ്യോഗസ്ഥരെ കൃത്യമായി അറിയിച്ചിട്ടുണ്ട്.

''കടലില്‍ പോവുന്ന നമ്മളെല്ലാം എപ്പോഴാണ് മരിക്കുക എന്നറിയില്ല. അന്ന് നമ്മുടെ ബോഡിയും കരയിലെത്തിക്കാന്‍ ഇതുപോലെ ആരേലും സഹായിക്കണമെന്നു കരുതിയാണ് അന്നു ബോട്ട് വിട്ടു കൊടുത്തത്'' - നാരായണന്‍ പറയുന്നു. അന്ന് എണ്ണച്ചെലവടക്കം വഹിച്ചതും നാരായണന്‍ തന്നെയാണ്. ബോട്ടിന് എന്തുപറ്റിയാലും നന്നാക്കിത്തരാം എന്ന വാക്കു വിശ്വസിച്ചാണ് ബോട്ട് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ ഒഴിഞ്ഞുമാറുകയാണെന്നും ഇദ്ദേഹം പറയുന്നു. അപകടത്തില്‍ ഫൈബര്‍ ബോട്ടിന്റെ ഉള്‍ഭാഗമാണ് തകര്‍ന്നത്. ഇതു കാരണം കരയ്ക്കടുപ്പിച്ച ബോട്ട് മഴയും വെയിലുമേറ്റ് നശിക്കുകയാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇതു സംബന്ധിച്ചു ഫെബ്രുവരി രണ്ടിനു ഫിഷറീസ് വകുപ്പിനു പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടി വൈകിയതിനെ തുടര്‍ന്നു മാര്‍ച്ച് എട്ടിന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. വഴി മുഖ്യമന്ത്രിക്കും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ നടപടി ഒന്നും എടുത്തിട്ടില്ലെന്നാണ് പരാതി. ഇതു സംബന്ധിച്ച് പല ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും കൃത്യമായ മറുപടിയില്ലെന്നും നാരായണന്‍ പറയുന്നു.

അന്ന് ആദരിച്ചിരുന്നു,ഇപ്പോള്‍ അവഗണിക്കുന്നു


ഓഖി ദുരന്തത്തില്‍ കിട്ടിയ മൃതദേഹം കരയ്‌ക്കെത്തിക്കാന്‍ ബോട്ടു നല്‍കിയ നാരായണനെ ജില്ലാ ഭരണകൂടം ആദരിച്ചിരുന്നു. ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മാതൃകയാണെന്നൊക്കെയാണ് അന്നത്തെ ചടങ്ങില്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17-നാണ് ഓഖി ദുരന്തത്തില്‍ മരിച്ചയാളുടെ മൃതദേഹം കരയിലെത്തിക്കാന്‍ ബോട്ട് ആവശ്യപ്പെട്ട് അധികൃതര്‍ സമീപിച്ചത്. ആരും ബോട്ട് നല്‍കാതെവന്നപ്പോഴാണ് ബോട്ട് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഫിഷറീസ് ഉദ്യോഗസ്ഥരും കോസ്റ്റ്ഗാര്‍ഡും നാരായണനെ സമീപിച്ചത്. ഓഖി ദുരന്തത്തില്‍പ്പെട്ടയാളുടെ മൃതദേഹം കപ്പലില്‍ കൊണ്ടുവരുന്നുണ്ടെന്നും ഏറ്റവും അടുത്ത കടപ്പുറമായ കസബയില്‍ ബോട്ടിലെത്തി മൃതദേഹം ഏറ്റുവാങ്ങണമെന്നുമാണ് അധികൃതര്‍ അറിയിച്ചത്. മത്സ്യ സഹകരണ സംഘം, ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം കമ്മിറ്റി എന്നിവയുടെ പ്രസിഡന്റു കൂടിയായ ഇദ്ദേഹം ഒരു മടിയുമില്ലാതെ ബോട്ടു വിട്ടുനല്‍കി.