കാസര്‍കോട്: ആഴക്കടല്‍ ശാന്തമായി. ഇനി പട്ടാളസംഘത്തിന്റെ പായ്‌വഞ്ചികള്‍ ലക്ഷദ്വീപിലേക്ക്. കാസര്‍കോട് തുറമുഖത്തുനിന്ന് വെള്ളിയാഴ്ച രാവിലെ പത്തരയ്ക്കാണ് നാല് പായ്വഞ്ചികളില്‍ 16 അംഗ സംഘം പുറപ്പെട്ടത്.

കടലില്‍ ന്യൂനമര്‍ദത്തിന്റെ തടസ്സങ്ങളില്ലെങ്കില്‍ മിനിക്കോയില്‍ രണ്ടുദിവസത്തിനുള്ളില്‍ അവര്‍ സാഹസികയാത്ര അവസാനിപ്പിക്കും. കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് പായ്വഞ്ചികളിലെ യാത്ര തടസ്സപ്പെട്ട പട്ടാളസംഘം മൂന്നുദിവസമായി കാസര്‍കോട്ട് താമസിക്കുകയായിരുന്നു.

സംഘത്തലവന്‍ ലെഫ്. കേണല്‍ എം.കെ.ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ 16 അംഗ സംഘം മുംബൈയില്‍നിന്നാണ് പുറപ്പെട്ടത്. 17-ന് മിനിക്കോയില്‍ എത്തുന്ന രീതിയിലായിരുന്നു പായ്‌വഞ്ചിയിലെ സാഹസികയാത്ര.
 
കടലില്‍ 3400 കിലോമീറ്റര്‍ ദൂരമാണ് ഇവരുടെ സഞ്ചാരം. കടലിലെ സാഹസികര്‍ക്ക് അടിയന്തരസഹായം നല്‍കാന്‍ 10 പേരുടെ സംഘം സമാന്തരമായി റോഡ്യാത്ര ചെയ്യുന്നുണ്ട്.

കാര്‍വാറിനടുത്തെത്തിയപ്പോള്‍ പായ്‌വഞ്ചികളില്‍ ചിലത് തകരാറായി. എന്നാല്‍, യാത്രയ്ക്കിടെതന്നെ അത് ശരിയാക്കി. മംഗളൂരു കഴിഞ്ഞപ്പോള്‍ ആഴക്കടല്‍ പ്രക്ഷുബ്ധമായി. യാത്ര ദുഷ്‌കരമാണെന്ന അറിയിപ്പിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് നാലിന് സംഘം കാസര്‍കോട് കടല്‍മേഖലയിലെത്തി.

അഴിമുഖത്തുനിന്ന് തീരത്തേക്കുവരാനാവാതെ പായ്‌വഞ്ചികള്‍ കുടുങ്ങിയപ്പോള്‍ തീരദേശ പോലീസ് സഹായികളായി. കോസ്റ്റല്‍ എസ്.ഐ. പി.പ്രമോദിനും സംഘത്തിനുമൊപ്പം മീന്‍പിടുത്തക്കാരും സംഘത്തെ തീരത്ത് എത്തിച്ചു. മൂന്നുദിവസം കാസര്‍കോട്ട് താമസിച്ച സംഘം വെള്ളിയാഴ്ച യാത്ര തുടര്‍ന്നു.