കാസര്‍കോട്: തീവണ്ടിയാത്രയിലെ അശ്രദ്ധ വാതില്‍പ്പടികളെ അപകടവഴികളാക്കും. റെയില്‍വേ നിയമപ്രകാരം വാതില്‍പ്പടിയില്‍ നില്‍ക്കുന്നതും ഇരിക്കുന്നതും കുറ്റമാണ്. എന്നാല്‍ ഇത്തരം യാത്ര പതിവുകാഴ്ചയാണ്. വിദ്യാര്‍ഥികളാണ് ഇവരില്‍ അധികവും. മദ്യപിച്ച് ഡോറിനു സമീപം നില്‍ക്കുന്നവരും കുറവല്ല. പറഞ്ഞാല്‍ അനുസരിക്കാറുമില്ല. തീവണ്ടിയുടെ വാതില്‍ ദുരന്തമായപ്പോള്‍ മരിച്ചവര്‍ നിരവധിയാണ്. ചിലര്‍ അംഗപരിമിതിയുടെ ലോകത്ത് ആജീവനാന്ത തടവുകാരായി ജീവിക്കുന്നു. കയറുന്നതിനും ഇറങ്ങുന്നതിനുമിടയില്‍ ധൃതി അല്പം മാറ്റിവെച്ചാല്‍ സുരക്ഷിതമായി ഇറങ്ങാം.

വാതില്‍ക്കലിരുന്ന് യാത്രചെയ്യുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ കാലിടിച്ച് പരിക്കേറ്റവര്‍ നിരവധിയാണ്. തീവണ്ടിയുടെ വാതിലിലിരുന്ന് യാത്രചെയ്ത യുവാവിന്റെ പാദം മുറിഞ്ഞുതൂങ്ങിയത് കാസര്‍കോട് സ്റ്റേഷനില്‍നിന്നുള്ള ഉദാഹരണം. ഉരുക്കിന്റെ കനമുള്ള വാതിലുകള്‍ ദേഹത്ത് തട്ടിയാല്‍ വീഴുമെന്നതിന് സംശയം വേണ്ട. നമ്മുടെ ജീവന്‍ അശ്രദ്ധയില്‍ നഷ്ടപ്പെടുത്തരുത്. റെയില്‍വേ യാത്രാ ടിക്കറ്റില്‍വരെ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. പക്ഷേ, ആരും ശ്രദ്ധിക്കാറില്ലെന്നു മാത്രം.

ഇത് ഓര്‍ക്കാം

തീവണ്ടി പുറപ്പെടുമ്പോഴോ അതിനുശേഷമോ ഒരിക്കലും വാതില്‍പ്പടിയില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുത്. വാതില്‍ തുറന്നിട്ടിട്ടുണ്ടെങ്കില്‍ വാഷ് ബേസിനടുത്ത് നില്‍ക്കരുത്. കഴുകുമ്പോഴോ മറ്റൊരു കമ്പാര്‍ട്ട്‌മെന്റിലേക്കു പോകുമ്പോഴോ പുറത്തേക്ക് വലിച്ചെറിയപ്പെടാം. ടോയ്‌ലറ്റിലേക്ക് കുട്ടികളെ അശ്രദ്ധമായി വിടരുത്. ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറാനോ ഇറങ്ങാനോ ശ്രമിക്കരുത്. വണ്ടി വളവ് തിരിയുകയോ മറ്റോ ചെയ്യുമ്പോള്‍ വണ്ടിക്കുണ്ടാകുന്ന ഇളക്കം മാത്രം മതി വാതില്‍ ആഞ്ഞടയാനും അതുവഴി പടികളിലിരിക്കുന്നവര്‍ പുറത്തേക്കു വീഴാനും. അത് മരണത്തിലായിരിക്കും അവസാനിക്കുക.