കാസര്‍കോട്: സമൂഹമാധ്യമങ്ങളിലൂടെ പ്രതിരോധമരുന്നുകള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നവര്‍ കൊലയാളികളാണെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. കുറ്റപ്പെടുത്തി.

പ്രതിരോധമരുന്നുകളുടെയും പരിസരശുചീകരണത്തിന്റെയും ആവശ്യകത സംബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച കാസര്‍കോട് മണ്ഡലതല ബോധവത്കരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ ആരോഗ്യമെന്നത് രോഗമില്ലാത്ത പുതുതലമുറയാണെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകളുടെ ഉപയോഗംപോലെതന്നെ പ്രധാനമാണ് വ്യാജചികിത്സകള്‍ക്കെതിരേയുള്ള ബോധവത്കരണം.

ശുചിത്വബോധം സാമൂഹിക ആരോഗ്യത്തിനും പ്രതിരോധത്തിനും അനിവാര്യമാണ്. പ്ലാസ്റ്റിക് ഒഴിവാക്കി പാളപോലെയുള്ള പാത്രങ്ങളില്‍ ഭക്ഷണംവിളമ്പുന്ന വിവാഹ സത്കാരങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

കളക്ടറേറ്റ് ആസൂത്രണസമിതി കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ കളക്ടര്‍ കെ.ജീവന്‍ബാബു അധ്യക്ഷതവഹിച്ചു. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശുചിത്വബോധവത്കരണ ഫോട്ടോപ്രദര്‍ശനവും നടത്തി. ഡോ. ഇ.വി.ചന്ദ്രമോഹന്‍ ക്ലാസെടുത്തു. പി.നന്ദകുമാര്‍, ഡി.വി.അബ്ദുള്‍ജലീല്‍, ഇ.വി.സുഗതന്‍, സി.ടി.ജോണ്‍ എന്നിവര്‍ സംസാരിച്ചു.