കാസര്‍കോട്: ക്രിസ്മസ് അപ്പൂപ്പനും കേക്കുമുറിക്കലുമായി സ്‌കൂളുകളില്‍ കുട്ടികളുടെ ആഘോഷം. ഇനി ക്രിസ്മസ് അവധിക്കാലമാണ്. പരീക്ഷ കഴിഞ്ഞുള്ള വെള്ളിയാഴ്ച സ്‌കൂള്‍ അടയ്ക്കുംമുമ്പുള്ള നിമിഷങ്ങള്‍ അവര്‍ അവിസ്മരണീയമാക്കി.

ക്ലാസ്മുറികളില്‍ കുട്ടികള്‍ സമ്മാനം പങ്കിട്ടു. ക്രിസ്മസ് അപ്പൂപ്പന്‍ അധ്യാപകര്‍ക്ക് മിഠായികള്‍ നല്‍കി. പുതുവര്‍ഷത്തിന്റെ ആഘോഷവും ഒപ്പം ചേര്‍ത്ത് ചില സ്‌കൂളുകള്‍ പുല്‍ക്കൂടൊരുക്കി.

ചെറുവത്തൂര്‍ കൊവ്വല്‍ എ.യു.പി. സ്‌കൂളിലെ കുട്ടികള്‍ ആകര്‍ഷകമായ നക്ഷത്രങ്ങളുണ്ടാക്കി വായനക്കൂടാരം അലങ്കരിച്ചു.

പ്രകൃതിദത്തവസ്തുക്കളായ മുള, പുരപ്പുല്ല്, കയര്‍, ചാക്ക് എന്നിവ ഉപയോഗിച്ചാണ് വായനക്കൂടാരം നിര്‍മിച്ചത്. സ്‌കൂള്‍ അധ്യാപകനും ദേശീയ മാസ്റ്റര്‍ ട്രെയിനറുമായ പ്രമോദ് അടുത്തില, സുരേഷ് മഞ്ഞത്തൂര്‍, നാരായണന്‍ മഞ്ഞത്തൂര്‍, ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അടുക്കത്ത്ബയല്‍ ജി.യു.പി. സ്‌കൂളില്‍ അധ്യാപകര്‍ ക്രിസ്മസ് ഫ്രന്റ് നടത്തി.