കാസര്‍കോട്: കണ്ടാല്‍ കാട്ടുചെടി പൂവിട്ടതാണെന്നേ തോന്നൂ. പക്ഷേ ഏഴുവര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന പൂമാലക്കുറിഞ്ഞിയാണത്. കാസര്‍കോട് ഗവ. കോളേജ് ജൈവവൈവിധ്യപാര്‍ക്കില്‍ അത് പൂത്തുനില്‍ക്കുന്നു. നാലഞ്ചുദിവസം മുമ്പ് പൂത്ത കുറിഞ്ഞി ഒരാഴ്ചകൂടി നില്‍ക്കും. സ്‌ട്രോബിലാന്തസ് ഇന്റഗ്രിഫോളിയ (tsrobilanthes integrifolia) എന്നാണ് ശാസ്ത്രീയനാമം. പശ്ചിമഘട്ടമേഖലയില്‍ മാത്രം കാണപ്പെടുന്നവയാണിതെന്ന് കോളേജിലെ അധ്യാപകരായ ഡോ. ബിജുവും ഷിജിത്തും പറയുന്നു.

ഉദ്യാനത്തിലെ മരങ്ങളുടെ പേരെഴുതിവെക്കാന്‍ കഴിഞ്ഞയാഴ്ച ചെന്നപ്പോള്‍ യാദൃച്ഛികമായാണ് പൂമാലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്നതു കണ്ടത്.

പശ്ചിമഘട്ടമേഖലയിലെ ചെങ്കല്‍പ്രദേശങ്ങളില്‍ ഇതുണ്ടാകും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഗോവ, മഹാരാഷ്ട്ര, കര്‍ണാടകം എന്നീ പശ്ചമിഘട്ട സംസ്ഥാനങ്ങളിലും ഇവ കണ്ടെത്തിയിട്ടുണ്ട്. കാവുകളിലും കാണാറുണ്ട്. പൂമാല കെട്ടാന്‍ ഉപയോഗിക്കുന്നതുകൊണ്ടാകാം പൂമാലക്കുറിഞ്ഞി എന്ന് പേരുവന്നതെന്ന് കരുതുന്നു.

പൂത്ത് വരുംതലമുറയ്ക്ക് ജന്‍മം നല്‍കി സ്വയം ഇല്ലാതാകുന്ന കുറിഞ്ഞികളുടെ സ്വഭാവംതന്നെയാണിതിനും. നിലവില്‍ പൂത്തുനില്‍ക്കുന്ന ചെടി ക്രമേണ ഇല്ലാതാകും. ഇപ്പോഴത്തെ പൂക്കളില്‍നിന്ന് വീഴുന്ന വിത്തുകള്‍ മുളച്ച് ചെടിയായി പുതിയ പൂക്കളുണ്ടാകാന്‍ ഇനി ഏഴുവര്‍ഷം വേണം. കരിങ്കുറിഞ്ഞി, മലയാളത്തില്‍ പേരിട്ടിട്ടില്ലാത്ത സ്‌ട്രോബിലാന്തസ് ജോമി (tsrobilanthes jomyi) എന്നിവയും ചെങ്കല്‍ മേഖലകളില്‍ കണ്ടെത്തിയിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളേജ് സസ്യശാസ്ത്രവിഭാഗം മേധാവി ഡോ. ജോമിയാണ് സ്‌ട്രോബിലാന്തസ് ജോമി എന്ന ഇനം കണ്ടെത്തിയത്.

രണ്ടരയേക്കറോളം വിസ്തൃതിയുള്ള ജൈവവൈവിധ്യപാര്‍ക്കില്‍ അന്‍പതിനം ചിത്രശലഭങ്ങളെയും 24 ഇനം പക്ഷികളെയും കണ്ടെത്തിയിട്ടുണ്ട്. പെരുമ്പാമ്പ്, ഉടുമ്പ്, കാട്ടുപന്നി, മുള്ളന്‍പന്നി തുടങ്ങിയയുണ്ട്. അപൂര്‍വയിനം ചേരുമുണ്ട്. കാട്ടുചെത്തി, ഒഷധമൂല്യമുള്ള ഏകനായകം, വയനാട്ടിലെ സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍നിന്ന് കൊണ്ടുവന്ന മുപ്പതോളം സവിശേഷയിനം ചെടികള്‍ എന്നിവ ഈ ഉദ്യാനത്തിലുണ്ട്. ഏതാനും വര്‍ഷം മുമ്പ് പരിശോധനയ്ക്കു വന്ന നാക് സംഘത്തെ ഈ പാര്‍ക്ക് ഏറെ ആകര്‍ഷിച്ചിരുന്നു. കോളേജിന് എ ഗ്രേഡ് ലഭിക്കാന്‍ പാര്‍ക്കും കാരണമായി.