കാസര്‍കോട്: തളങ്കര മാലിക് ദിനാര്‍ ഉറൂസ് സമാപന ദിവസങ്ങളിലേക്ക് കടക്കുമ്പോള്‍ ദിവസേന പുണ്യം തേടിയെത്തുന്ന വിശ്വാസികളാല്‍ പാല്‍ക്കടലായി തീര്‍ന്നിരിക്കുകയാണ്. ഇസ്ലാമിന്റെ സന്ദേശവുമായി അറേബ്യന്‍ മണ്ണില്‍ നിന്നെത്തിയ മാലിക് ദിനാര്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറ സന്ദര്‍ശിച്ച് നീറുന്ന വേദനകളും സങ്കടങ്ങളും പറയാനും ആഗ്രഹ സഫലീകരണത്തിനുമായി പ്രാര്‍ഥിക്കാനെത്തുന്ന വിശ്വാസികളുടെ ഒഴുക്കാണ് ഉറൂസ് നഗരിയിലേക്ക്.

രാത്രി ഒന്‍പതിന് നടക്കുന്ന മതപ്രഭാഷണം തുടങ്ങുന്നതിനു ഒരുമണിക്കൂര്‍ മുന്‍പുതന്നെ കേള്‍വിക്കാര്‍ക്ക് ഒരുക്കിയ 500-ലധികം കസേരകള്‍ നിറഞ്ഞു കവിയുമെന്നാണ് സംഘാടകര്‍ പറയുന്നത്.

സിയാറത്തിനും മതപ്രഭാഷണ പരമ്പര കേള്‍ക്കുന്നതിനുമായി കാറിലും ബൈക്കിലുമായി ദൂരദേശങ്ങളില്‍നിന്നും കുടുംബസമേതം എത്തുന്നവരുടെ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ആറിടങ്ങളിലായി സൗകര്യം ഒരുക്കിയിട്ടുണ്ട്. പലപ്പോഴും ഈ ഇടം തികയാതെ പോവുന്നതായും വൊളന്റിയര്‍മാര്‍ പറയുന്നു.
 
കൂടാതെ ഉറൂസ് നഗരയിലേക്ക് എത്തുന്ന വിശ്വാസികള്‍ക്ക് ദാഹം ശമിപ്പിക്കുന്നതിനായി ഉറൂസ് കമ്മിറ്റി നാരങ്ങവെള്ളവും നല്‍കുന്നുണ്ട്. പള്ളിയിലേക്ക് എത്തുന്ന ആള്‍ക്കാരെയും വാഹനങ്ങളെയും കടത്തി വിടുന്നതിനായി അന്‍പതോളം വൊളന്റിയര്‍മാരാണ് റോഡിലും പള്ളിയുടെ വിവിധ ഭാഗങ്ങളിലുമായി പ്രവര്‍ത്തിക്കുന്നത്.

ഉറൂസ് നഗരിയില്‍ ഇന്ന്

രാത്രി ഒന്‍പത്:
മതപ്രഭാഷണം-ഇബ്രാഹിം ഖലീല്‍ ഹുദവി. സാന്നിധ്യം-അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പയ്യക്കി, കെ.എസ്.അലിതങ്ങള്‍ കുമ്പോല്‍, എം.എ.ഖാസിം മുസ്ലിയാര്‍, പി.എ.സത്താര്‍ ഹാജി, ഫിറോസ് പടിഞ്ഞാര്‍.