കാസര്‍കോട്: നോട്ട് നിരോധത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജില്ലയില്‍ വ്യത്യസ്ത പ്രതിഷേധം നടത്തി. കോണ്‍ഗ്രസും ഇടത് സംഘടനകളും കരിദിനവും ദുരന്തദിനവുമായി ആചരിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി വിഡ്ഢിദിനമായിട്ടാണ് ആചരിച്ചത്.
 
കാസര്‍കോട് നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതീകാത്മകമായി വിഡ്ഡിപ്പട്ടം ചാര്‍ത്തി. എസ്.എഫ്.ഐ. ദുരന്തദിനമായിട്ടാണ് ആചരിച്ചത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലാത്തടം കാമ്പസില്‍ പ്രതിഷേധഅമ്പെയ്ത്തും സദസ്സും നടത്തി. ഇടത് സംഘടനകള്‍ കാഞ്ഞങ്ങാട് പ്രതിഷേധാത്മാകമായി എസ്.ബി.ഐ. ബാങ്കുകളിലേക്ക് മാര്‍ച്ച് നടത്തി.

ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധസംഗമം സംസ്ഥാന സെക്രട്ടറി എ.കെ.എം.അഷ്‌റഫ് ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ചായിന്റടി അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി.കബീര്‍ തെക്കില്‍, യൂസഫ് ഉളുവാര്‍, എം.എ.നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കെത്തിക്കാല്‍, സൈഫുള്ള തങ്ങള്‍, ഹാരിസ് തൊട്ടി, റൗഫ് ബാവിക്കര, സിദ്ദിഖ് സന്തോഷ്‌നഗര്‍ എന്നിവര്‍ സംസാരിച്ചു.