കാസര്‍കോട്: ഭരണാധികാരികള്‍ തന്നെ ചരിത്രത്തെ വികലമാക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നതെന്ന് കലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം മേധാവി ഡോ. കെ.എസ്.മാധവന്‍ അഭിപ്രായപ്പെട്ടു. അശോക ചക്രവര്‍ത്തിക്ക് ശേഷം മധ്യകാലഘട്ടത്തിലെ ഭരണാധികാരികളുടെ കാലത്താണ് ഇന്ത്യക്ക് കേന്ദ്രീകൃത രൂപമുണ്ടാക്കാന്‍ ശ്രമിച്ചതെന്നിരിക്കെ അതിനെ അക്രമികളുടെയും അധിനിവേശക്കാരുടെയും കാലഘട്ടമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നികുതിപിരിവ്, സേനാരൂപവത്കരണം തുടങ്ങി ആധുനിക ഭരണകൂടങ്ങള്‍ക്ക് വേണ്ടതൊക്കെ വികസിച്ചത് മധ്യകാലഘട്ടത്തിലെ സുല്‍ത്താന്‍മാരുടെ ഭരണത്തിലാണ്. അവര്‍ വന്ന പേര്‍ഷ്യയില്‍ അതൊക്കെ നിലനിന്നിരുന്നു. അതിവിടെയും നടപ്പാക്കുകയും ഇന്ത്യയെ ഏകോപിപ്പിക്കുകയും ചെയ്യുക എന്ന മഹത്തായ കാര്യമാണ് അവര്‍ ചെയ്തത്. തളങ്കര മാലിക് ദീനാര്‍ ഉറൂസിനോടനുബന്ധിച്ച് ഇസ്ലാമിക അക്കാദമിയില്‍ നടന്ന ചരിത്ര സെമിനാറില്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍-ചരിത്രവും വര്‍ത്തമാനവും എന്ന വിഷയം അവതരിപ്പിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ സാംസ്‌കാരിക സമന്വയത്തിന്റെ പ്രതീകമാണ് താജ്മഹല്‍. രാജ്യത്തിന്റെ വെളിച്ചമാണത്. അതിനെപ്പോലും വര്‍ഗീയവത്കരിച്ച് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ശ്രമം. ബ്രിട്ടീഷുകാരോട് പൊരുതിയ രാജാക്കന്‍മാരായ പഴശ്ശിരാജ ധീരനും ടിപ്പുസുല്‍ത്താന്‍ അക്രമിയുമാകുന്നത് എങ്ങനെയാണ്? മുസ്ലിം എന്ന നിലയ്ക്കല്ല, ഭരണാധികാരി എന്ന നിലയ്ക്കാണ് ടിപ്പു സുല്‍ത്താന്‍ പെരുമാറിയത്. മുസ്ലിങ്ങള്‍ക്ക് മാത്രം നികുതി ഇളവോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയില്ല. അതേസമയം, തന്റെ സേനയിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി അദ്ദേഹം ക്ഷേത്രം പണിതുകൊടുത്തു. ടിപ്പുവിനെ അക്രമിയായി ചിത്രീകരിക്കേണ്ടത് കൊളോണിയല്‍ ചരിത്രകാരന്‍മാരുടെ ആവശ്യമായിരുന്നു. കാരണം, ബ്രിട്ടീഷുകാരെ ചെറുക്കാന്‍ ധൈര്യം കാണിച്ച ഭരണാധികാരിയാണ് അദ്ദേഹം -ഡോ. മാധവന്‍ ചൂണ്ടിക്കാട്ടി.

പരസ്​പരം കൊടുക്കല്‍ വാങ്ങലിലൂടെ വികസിച്ചുവന്ന സംസ്‌കാരത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. ആഡംബരഭ്രമമാണ് ചെറുപ്പക്കാരെ തെറ്റായ മാര്‍ഗത്തിലേക്ക് തിരിച്ചുവിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേരില്ലാത്ത മരം പോലെ ചരിത്രമില്ലാത്ത ജനത നിലംപതിക്കുമെന്ന് അധ്യക്ഷംവഹിച്ച മുന്‍ നഗരസഭാ ചെയര്‍മാനും ഉറൂസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ടി.ഇ.അബ്ദുള്ള ഓര്‍മിപ്പിച്ചു. സംസ്‌കാരത്തിന്റെ പ്രതീകമായ താജ്മഹലിനെതിരെ പോലും ഉയരുന്ന ഫാസിസ്റ്റ് നീക്കങ്ങള്‍ക്ക് തടയിടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യനെ ചീത്തയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അവനെ പ്രകോപ്പിക്കുകയെന്നത് തിരിച്ചറിഞ്ഞ് അതില്‍ വീഴാതിരിക്കാന്‍ ജാഗ്രതയായി ഇരിക്കണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി അഭിപ്രായപ്പെട്ടു. കവി പി.എസ്.ഹമീദ്, മുജീബ് അഹമ്മദ്, ടി.എ.ഖാലിദ്, ടി.എ.ഷാഫി എന്നിവരും സംസാരിച്ചു.

ഉറൂസ് കമ്മറ്റി പ്രസിഡന്റ് യഹ്യ തളങ്കര, ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍, ഇസ്ലാമിക അക്കാദമി പ്രിന്‍സിപ്പല്‍ സിദ്ദീഖ് നദ്വി ചേരൂര്‍ തുടങ്ങിയവരും സംബന്ധിച്ചു.