കാസര്‍കോട്: പുതിയ ഇനം നെല്‍വിത്ത് ഉപയോഗിച്ച് കല്ലൂര്‍ പാടത്ത് നടത്തിയ നെല്‍കൃഷി വിളവെടുത്തു. ഒന്നര ഏക്കറിലാണ് പുതിയ വിത്തായ 'ശ്രേയസ്' അടക്കമുള്ളവ പരീക്ഷിച്ചത്. പഴയ വിത്തായ ഉമ, രേവതി തുടങ്ങിയവയ്‌ക്കൊപ്പമാണ് ഇവ നട്ടത്. കൃഷിവിജ്ഞാനകേന്ദ്രയുടെ നേതൃത്വത്തിലാണ് പരീക്ഷണക്കൃഷി ഇറക്കിയത്. വൊര്‍ക്കാടി കൃഷിഭവന്‍ സഹായം നല്‍കി.

മറ്റുള്ള വിത്തുകളേക്കാള്‍ വേഗത്തില്‍ വിളവ് കൊയ്യാന്‍ 'ശ്രേയസിന്' കഴിഞ്ഞതായി വിലയിരുത്തി. കാര്‍ഷിക സര്‍വകലാശാല അവസാനമായി പുറത്തിറക്കിയ നെല്‍വിത്താണ് ഇത്. ജൈവീക കീടനിയന്ത്രണത്തിന് പാടവരമ്പുകളില്‍ രാമച്ചവും ചെണ്ടുമല്ലികയും നട്ടിരുന്നതായി കൃഷിവിജ്ഞാനകേന്ദ്രം ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. എസ്.ലീന പറഞ്ഞു. അതിനാല്‍ വിത്തുകളെ കീടങ്ങള്‍ അധികം ആക്രമിച്ചില്ലെന്നും അവര്‍ പറഞ്ഞു.

കൊയ്ത്തുത്സവം വൊര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് സുനിത ഡിസൂസ ഉദ്ഘാടനംചെയ്തു. കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ. ടി.എസ്.മനോജ്കുമാര്‍, പ്രമുഖ കര്‍ഷകന്‍ പൂവപ്പ, പഞ്ചായത്തംഗങ്ങളായ പൂര്‍ണിമ, റഹ്മത്ത്, പാടശേഖരസമിതി സെക്രട്ടറി കിഷോര്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.