കാസര്‍കോട്: മഞ്ഞയും കറുപ്പും ജഴ്‌സിയണിഞ്ഞ് കാസര്‍കോട്ടെ കായികതാരങ്ങള്‍ മാര്‍ച്ച്പാസ്റ്റില്‍ തലയുയര്‍ത്തി നടന്നു. സംസ്ഥാന കായികമേളയില്‍ വര്‍ഷങ്ങള്‍ക്കുശേഷമാണ് കാസര്‍കോട്ടെ കുട്ടികള്‍ ഒരേ ജഴ്‌സിയണിഞ്ഞ് പങ്കെടുക്കുന്നത്.

185 കായികതാരങ്ങളാണ് മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുത്തത്. ജില്ലയിലെ കായികതാരങ്ങള്‍ക്കുള്ള ജഴ്‌സി ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പി.ആര്‍.ശ്രീജേഷ് വിതരണംചെയ്തു. എ.ഡി.പി.ഐ. ജെയിംസ്, കായികവിദ്യാഭ്യാസ ഡയറക്ടര്‍ ചാക്കോ ജോസഫ്, ജില്ലാ ഗെയിംസ് അസോസിയേഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.എം.ബല്ലാള്‍, ജില്ലാ ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി കെ.ബിജു, അശോകന്‍ ധര്‍മത്തടുക്ക എന്നിവര്‍ സംസാരിച്ചു.

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍നിന്നാണ് ജഴ്‌സി എത്തിച്ചത്. കളക്ടര്‍ കെ.ജീവന്‍ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ എന്നിവരുടെ നേതൃത്വമാണ് ഇത് ലഭിച്ചതിന് പിന്നില്‍. ജഴ്‌സിപോലുമില്ലാതെ ദുരിതത്തിലായ ജില്ലയിലെ കായികതാരങ്ങളെക്കുറിച്ച് മാതൃഭൂമി നിരന്തരം വാര്‍ത്തനല്‍കിയിരുന്നു.