കാസര്‍കോട്: അതിര്‍ജില്ലകളില്‍ കന്നടയിലും തമിഴിലും നോട്ടീസും പോസ്റ്ററും അടിച്ച് വോട്ടുതേടുമ്പോള്‍ കാസര്‍കോട് ഉപ്പളയില്‍ ഉറുദുവിലാണ് വോട്ടഭ്യര്‍ഥന. കാരണം, ഈ പ്രദേശങ്ങളില്‍ മൂവായിരത്തോളം 'ഹനഫി' കുടുംബങ്ങളുണ്ട്. മുസ്ലിങ്ങളായ ഇവരുടെ മാതൃഭാഷ ഉറുദുവായതിനാലാണ് സ്ഥാനാര്‍ഥികള്‍ അവര്‍ക്ക് വായിക്കാന്‍ പോസ്റ്ററുകള്‍ ഉറുദുവിലാക്കിയത്.
മഞ്ചേശ്വരം നിയോജകമണ്ഡലത്തിലാണ് 'ഹനഫികളില്‍' ഭൂരിഭാഗവും താമസിക്കുന്നത്. കന്നട നന്നായി സംസാരിക്കുന്ന ഹനഫികളില്‍ മലയാളം അറിയാത്തവര്‍ ധാരാളമുണ്ട്.
തുര്‍ക്കിയില്‍നിന്നുംമറ്റും തെക്കന്‍ സംസ്ഥാനങ്ങളിലൂടെ കേരളത്തിലേക്ക് എത്തിപ്പെട്ടവരാണ് ഈ വിഭാഗം. എറണാകുളം, തൃശ്ശൂര്‍ ഭാഗങ്ങളിലും ഇവര്‍ ഉണ്ട്. എന്നാല്‍, അവിടെയൊക്കെ മലയാളിത്തവുമായി പൊരുത്തപ്പെട്ടതിനാല്‍ ഹനഫികള്‍ക്ക് മലയാളം നന്നായറിയാം. എന്നാല്‍, കാസര്‍കോട് ജില്ലയിലെ ഹനഫികള്‍ തങ്ങളുടെ പൈതൃകം ഇപ്പോഴും സൂക്ഷിക്കുന്നവരാണ്. അതിനാല്‍ മാതൃഭാഷയായ ഉറുദുവാണ് ഇവര്‍ക്ക് ഒന്നാമത്.
സ്‌കൂളുകളില്‍ ഇവര്‍ ഒന്നാംതരം മുതല്‍ ഉറുദു പഠിക്കുന്നുണ്ടെന്ന് ഉപ്പളയിലെ അസീം പറഞ്ഞു. മദ്രസകളിലും ഉറുദു പഠനമുണ്ട്. വലിയ ക്ലാസുകളില്‍ എത്തുമ്പോള്‍ ഭൂരിഭാഗംപേരും കന്നട മീഡിയത്തിലാണ് പഠിക്കുന്നത്. ഉപ്പളയിലെ ഹനഫികളിലേറെയും കപ്പല്‍തൊഴിലാളികളാണ്.