കാഞ്ഞങ്ങാട്: പൂക്കൊട്ടയില്‍ ഈശ്വരചൈതന്യം നിറച്ച് കാഞ്ഞങ്ങാട് കിഴക്കുംകരക്കാര്‍ കിഴക്കന്‍മലയോരത്തെ തുളുര്‍വനത്തേക്ക് തിരിച്ചു. അനുഷ്ഠാനങ്ങളുടെയും ഐതിഹ്യപ്പെരുമയുടെയും സമ്പന്നമായ ചുവടുവെപ്പിലൂടെ അവര്‍ വെള്ളിയാഴ്ച സന്ധ്യയോടെ തുളുര്‍വനം ഭഗവതിക്ക് മുമ്പിലെത്തും. കിഴക്കുംകര ഇളയടത്ത് കുതിര് പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തുനിന്നാണ് സംഘം പുറപ്പെട്ടത്. ആചാര്യസ്ഥാനികരും വാല്യക്കാരുമടങ്ങുന്ന കൂട്ടായ്മയ്ക്ക് പൂക്കാര്‍ സംഘം എന്നാണ് വിളിപ്പേര്. 50 കിലോമീറ്റര്‍ അകലെ മലയോരത്തുള്ള മഞ്ഞടുക്കം തുളുര്‍വനത്ത് ഭഗവതിക്ഷേത്രത്തിലേക്ക് കാല്‍നടയായാണ് യാത്ര. പച്ചയോല കൊണ്ടുള്ള പൂക്കൊട്ട തലയിലേന്തി പരമ്പരാഗത പാതയിലൂടെ ഗോത്രസ്മൃതികളുണര്‍ത്തിയാണ് യാത്ര. വഴിമധ്യേയുള്ള കാവുകളും ക്ഷേത്രങ്ങളും താണ്ടി ഉപചാരം ഏറ്റുവാങ്ങി സഞ്ചരിക്കുന്ന സംഘത്തെ പാണത്തൂര്‍ കാട്ടൂര്‍ തറവാട്ടില്‍ ആചാരപൂര്‍വം വരവേല്ക്കും.
 
തുളുര്‍വനത്ത് ഭഗവതിയുടെ കാര്യസ്ഥനാണ് മുന്നായി ഈശ്വരന്‍. കാര്യസ്ഥന് മൂന്നുനാഴി നെല്ലാണ് കൂലി. വിശ്വസ്തനായ കാര്യസ്ഥന് ഭഗവതി ഇരിപ്പടവും ഈശ്വരചൈതന്യവും നല്കി. കിഴക്കുംകരയിലെ ആചാര്യസ്ഥാനികര്‍ ഒരുതവണ തുളുര്‍വനത്തെ കളിയാട്ടം കഴിഞ്ഞു മടങ്ങുമ്പോള്‍ മുന്നായി ഈശ്വരനും കൂടെക്കൂടി എന്നാണ് ഐതിഹ്യം. കിഴക്കുംകരയിലെത്തിയപ്പോള്‍ ഇവിടത്തെ ഭഗവതിക്കരികില്‍ മുന്നായി ഈശ്വരന് സ്ഥാനവും ലഭിച്ചു. പിന്നീട് എല്ലാ വര്‍ഷവും ആചാര്യസ്ഥാനികര്‍ തുളുര്‍വനത്തേക്ക് കളിയാട്ടത്തിന് പോകുമ്പോള്‍ മുന്നായി ഈശ്വരനെ പൂക്കൊട്ടയിലേക്ക് ആവാഹിച്ചു കൊണ്ടുപോകും. ഈ ഐതിഹ്യത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴും പൂക്കാര്‍ സംഘത്തിന്റെ കാല്‍നടയാത്ര.
 
തുളുവര്‍നം കളിയാട്ടത്തിന്റെ ആറാംദിവസമായ 13-ന് രാത്രി കിഴക്കുംകരയില്‍ നിന്നുള്ള കലശം എഴുന്നള്ളത്തും നടക്കും. പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം സ്ഥാനികരായ കുഞ്ഞിക്കണ്ണന്‍ വെളിച്ചപ്പാടന്‍, കൃഷ്ണന്‍ വെളിച്ചപ്പാടന്‍, കുമാരന്‍ വെളിച്ചപ്പാടന്‍, ചന്ദ്രന്‍ കൂട്ടായിക്കാരന്‍, സതീശന്‍ കൂട്ടായിക്കാരന്‍, നാരായണന്‍, ഗംഗന്‍, കുഞ്ഞമ്പു അതിയാമ്പൂര്, ദാമോദരന്‍, കണ്ണന്‍, ബാബു, വേണു എന്നിവരടങ്ങുന്നതാണ് പൂക്കാര്‍സംഘം 16-ന് കിഴക്കുംകരയിലേക്ക് തിരിച്ചെത്തും.