കാഞ്ഞങ്ങാട്: ഐങ്ങോത്ത് പ്രദേശത്ത് ഡെങ്കിപ്പനിക്കിടയാക്കുന്ന ഈഡിസ് കൊതുകുകളെ കണ്ടെത്തി. വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ.ഗീതയുടെ നേതൃത്വത്തില്‍ കുട്ടികള്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. വീടുകളിലും പറമ്പുകളിലും റോഡരികുകളിലുമെല്ലാം കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിട്ടു. ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ പെറ്റുപെരുകിയ കൊതുകുകളെ സൂഷ്മമായി നിരീക്ഷിച്ചാണ് ഈഡിസ് കൊതുകുകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്.

കുട്ടികളുടെ കണ്ടെത്തല്‍ കൂടുതല്‍ പരിശോധനയില്‍ വ്യക്തമായതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. കുട്ടികള്‍ വീടുകള്‍തോറും കയറിയിറങ്ങി ശുചീകരണ ബോധവത്കരണവും നടത്തി.

ശുചീകരണ പരിപാടി നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനംചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ അധ്യക്ഷതവഹിച്ചു. വികസന സ്ഥിരംസമിതി ചെയര്‍മാന്‍ എന്‍.ഉണ്ണിക്കൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ.ഗീത, ആരോഗ്യവകുപ്പ് ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.