കാഞ്ഞങ്ങാട്: മടിക്കൈ ഗ്രാമത്തിന്റെ ചരിത്രശേഷിപ്പുകള്‍ തേടി അധ്യാപകര്‍ മഠത്തില്‍ കോവിലകത്തിലെത്തി. ഹൊസ്ദുര്‍ഗ് ബി.ആര്‍.സി.യിലെ സാമൂഹികശാസ്ത്ര അധ്യാപകരാണ് കര്‍ഷകപോരാട്ടങ്ങള്‍ക്കും നവോഥാന ആശയങ്ങള്‍ക്കും പിറവികൊടുത്ത മടിക്കൈ ഗ്രാമത്തിലെ മഠത്തില്‍ കോവിലകത്ത് എത്തിയത്.

നീലേശ്വരം രാജവംശത്തിന്റെ നാല് താവഴികളില്‍ ഒന്നായ മഠത്തില്‍ കോവിലകത്തിന്റെ സാമൂഹികപശ്ചാത്തലവും സമകാലികസമൂഹത്തില്‍ കൊട്ടാരത്തിന്റെ സ്വാധീനവും എന്ന വിഷയത്തില്‍ ചരിത്രറിപ്പോര്‍ട്ട് നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം നടന്നത്.

മതമൈത്രിക്ക് പേരുകേട്ട മഠത്തില്‍ കോവിലകത്തിലെ യോഗ്യാര്‍ അകമ്പടി, ഉമ്മച്ചിതെയ്യം, ക്ഷേത്രപാലകന്‍, ശാസ്താവ്, ഭൈരജാതന്‍, തുടങ്ങിയ 39-ഓളം തെയ്യങ്ങളുടെ ചരിത്രവിവരങ്ങള്‍ അധ്യാപകര്‍ ശേഖരിച്ചു. എ.സി.രവീന്ദ്രന്‍, നന്ദകുമാരന്‍, കെ.കുഞ്ഞിക്കൃഷ്ണ പിഷാരടി, റിസോഴ്‌സ് അധ്യാപകരായ പി.രാജഗോപാലന്‍, എം.സുമേഷ് എന്നിവര്‍ നേതൃത്വം നല്‍കി.