കാഞ്ഞങ്ങാട്: ജില്ലയിലെ ആദ്യ ഷീ ലോഡ്ജ് കാഞ്ഞങ്ങാട്ട് വരുന്നു. ആലാമിപ്പള്ളി ബസ്സ്റ്റാന്‍ഡിന്റെ പടിഞ്ഞാറുഭാഗത്താണ് ഇതിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. 45 ലക്ഷം രൂപയാണ് നിര്‍മാണെച്ചലവ്. കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതി ഫണ്ടില്‍നിന്നാണ് തുക നീക്കിവെച്ചത്. കാസര്‍കോട്ടെ കരാറുകാരന്‍ കെ.അബ്ദുറഹിമാനാണ് ടെന്‍ഡര്‍ നല്കിയത്. 2300 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ലോഡ്ജില്‍ ഒന്നാംനിലയിലെ അഞ്ചുമുറികളാണ് വാടകയ്ക്കുനല്കുക.

ആധുനിക സൗകര്യങ്ങളോടുള്ള ഡബ്ള്‍ മുറികളാണ് പണിയുക. സ്ത്രീകള്‍ തനിച്ചെത്തിയാല്‍ അവര്‍ക്ക് അഭയകേന്ദ്രം എന്ന നിലയിലാണ് ഷീ ലോഡ്ജ് പണിയുന്നതെന്ന് ചെയര്‍മാന്‍ വി.വി.രമേശന്‍ പറഞ്ഞു. വാടക സൗജന്യമാക്കണോ ചുരുങ്ങിയ ചാര്‍ജ് ഈടാക്കണോയെന്ന് കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
കോംപ്ലക്‌സിന്റെ താഴത്തെ മുറികള്‍ സ്ത്രീകള്‍ക്ക് വിപണന കേന്ദ്രം തുടങ്ങാനായി കൈമാറും. മൂന്നുമാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.