കാഞ്ഞങ്ങാട്: തെറ്റുകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്നവരെ രാജ്യദ്രോഹികളാക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ശക്തികള്‍ നടത്തുന്നതെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനന്‍ ദേശീയ ജനറല്‍ സെക്രട്ടറി മറിയം ധാവ്‌ലെ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് നടത്തിയ മതനിരപേക്ഷകൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍.

മതവിശ്വാസം തീര്‍ത്തും വ്യക്തിപരമാണ്. എന്നാല്‍ സംഘപരിവാര്‍ ഓരോ വ്യക്തിയിലും അടിച്ചേല്‍പ്പിക്കുംവിധം പരസ്​പരം സ്​പര്‍ധവളര്‍ത്തുന്നു. വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുമ്പോള്‍ ഏറ്റവും ബാധിക്കുന്നത് സ്ത്രീസമൂഹത്തെയാണ്. നവോത്ഥാനാശയത്തെയും പുരോഗമനാശയത്തെയും ഇല്ലാതാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. നോട്ടുനിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇന്ത്യ നേരിടുന്ന സാമ്പത്തികപ്രതിസന്ധി വളരെ വലുതാണെന്നും മറിയം ധാവ്‌ലെ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എം.സുമതി അധ്യക്ഷയായിരുന്നു. സംസ്ഥാന സെക്രട്ടറി പി.സതീദേവി, കേന്ദ്രകമ്മിറ്റിയംഗം എന്‍.സുകന്യ, വി.പി. ജാനകി, എം.ലക്ഷ്മി, പി.ശ്യാമള, പി.ബേബി, പി.പി.ശ്യാമളാദേവി, പി.സി.സുബൈദ, ജില്ലാ സെക്രട്ടറി ഇ.പത്മാവതി തുടങ്ങിയവര്‍ സംസാരിച്ചു.