കാഞ്ഞങ്ങാട്: വാടക ക്വാര്‍ട്ടേഴ്‌സിലെ അകത്തളത്തില്‍ സുധാമ എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷേ, കേള്‍വി നഷ്ടപ്പെട്ട ഭര്‍ത്താവ് കൃഷ്ണന്‍ എങ്ങിനെ കേള്‍ക്കും. എഴുന്നേറ്റുനടക്കാനാകില്ല ഈ അമ്മയ്ക്ക്. സ്വയം നടക്കാന്‍ തന്നെ ബുദ്ധിമുട്ടുന്ന കൃഷ്ണന്‍ എങ്ങനെയൊക്കെയോ ഭാര്യയെ പിടിച്ചെഴുന്നേല്‍പ്പിച്ച് ടോയ്‌ലറ്റിലൊക്കെ കൊണ്ടുചെന്നാക്കും. കാപ്പിയും ചൂടുവെള്ളവും വെക്കും. ഇതേനിലയിലെ അയല്‍ത്താമസക്കാര്‍ ഭക്ഷണം കൊണ്ടുക്കൊടുക്കും.

കഴിഞ്ഞദിവസം പാലിയേറ്റീവ് പ്രവര്‍ത്തകരും വാര്‍ഡ് കൗണ്‍സിലര്‍ എച്ച്.ആര്‍.ശ്രീധരനും എത്തിയപ്പോള്‍ സുധാമയുടെ കാലില്‍ പുഴുവരിക്കുന്നു. അവര്‍ വൃത്തിയായി കുളിപ്പിച്ചു. സ്വന്തക്കാരും ബന്ധുക്കളുമൊന്നുമില്ലാതെ തനിച്ചായിപ്പോയ ജീവിതത്തെ സ്വയം ശപിച്ചുകഴിയുന്ന ദമ്പതിമാര്‍. കാഞ്ഞങ്ങാട് ശ്രീകൃഷ്ണമന്ദിരത്തിനടുത്തെ സാഗര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് ഒറ്റപ്പെട്ടുപോയ ജീവിതക്കാഴ്ച.

കൃഷ്ണന് വയസ്സ് 89. സുധാമയ്ക്ക് 84 കഴിഞ്ഞു. ഇവര്‍ക്ക് മക്കളില്ല. സുധാമയുടെ സഹോദരീമക്കള്‍ എപ്പോഴെങ്കിലും വിളിക്കും. അവരെല്ലാം വിദേശത്താണ്. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചില്‍ സെക്ഷന്‍ ഓഫീസറായിരുന്നു കൃഷ്ണന്‍. സര്‍വീസില്‍നിന്ന് വിരമിച്ചശേഷവും കുറേക്കാലം ഡല്‍ഹിയില്‍ താമസിച്ചു.

തലശ്ശേരിയാണ് സുധാമയുടെ നാട്. ഡല്‍ഹിയോട് വിടപറഞ്ഞ് നാട്ടിലെത്തിയപ്പോള്‍ താമസിക്കാന്‍ സൗകര്യംകണ്ടെത്തിയത് കണ്ണൂരിലാണ്. പിന്നീടെപ്പോഴോ അകന്ന ബന്ധുക്കളിലൊരാള്‍ കാഞ്ഞങ്ങാട്ടേക്ക് കൂട്ടിക്കൊണ്ടുവന്നു. ബേക്കല്‍ സ്വദേശിയായ കൃഷ്ണന് നേരത്തെ കാഞ്ഞങ്ങാട് സുപരിചിതമായിരുന്നു. രണ്ടുപേര്‍ക്കും പ്രായത്തളര്‍ച്ച അനുഭവപ്പെട്ടു. കൃഷ്ണന് കിട്ടുന്ന പെന്‍ഷന്‍ തുക തന്നെ ജീവിക്കാന്‍ ധാരാളം. ബാങ്ക് അക്കൗണ്ടില്‍നിന്ന് പണമെടുത്ത് നാലുലക്ഷം കേരള സര്‍വകലാശാലയ്ക്കും രണ്ടര ലക്ഷം പടന്നക്കാട് കാര്‍ഷിക കോളേജിലും സംഭാവന നല്‍കുമ്പോള്‍ എടുത്ത ഫോട്ടോ വീടിന്റെ ചുമരില്‍ തൂക്കിയിട്ടിരിക്കുന്നത് കാണാം. ആരുകാണാന്‍ വന്നാലും ഇംഗ്ലീഷിലാണ് കൃഷ്ണന്‍ സംസാരിക്കുക. മരിച്ചുകഴിഞ്ഞാല്‍ തങ്ങളുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിനുള്ളതാണെന്ന് നേരത്തേ തയ്യാറാക്കിയ സമ്മതപത്രം കാണിച്ചുതന്ന് ആവര്‍ത്തിക്കും ഇവര്‍. ഹോംനഴ്‌സിനെ െവക്കണമെന്നുണ്ട് ഇവര്‍ക്ക്. പക്ഷേ, നേരത്തേയുള്ള അനുഭവങ്ങള്‍ അതിന് മനസ്സനുവദിക്കുന്നില്ല. 'തങ്ങളെ സ്‌നേഹത്തോടെ പരിചരിക്കുന്ന ആരെയെങ്കിലും കിട്ടുമോ...' ഇവരുടെ ചോദ്യത്തിന് ഉത്തരമായെത്തുമോ, മക്കളെപ്പോലെ പെരുമാറുന്ന ആരെങ്കിലും....