കാഞ്ഞങ്ങാട്: ഒരു സര്‍ക്കാര്‍ജോലി കിട്ടിയാല്‍ പിന്നെ എല്ലാമായി എന്നുകരുതുന്ന മലയാളികള്‍ക്കിടയില്‍ ഒരു പോലീസുകാരന്‍ വ്യത്യസ്ഥനാകുന്നു. തിരക്കുപിടിച്ച ഔദ്യോഗികകാര്യങ്ങള്‍ക്കിടയിലും പാട്ടത്തിനെടുത്ത ഒന്നരഏക്കറില്‍ നെല്‍ക്കൃഷി നടത്തിയാണ് ഹൊസ്ദുര്‍ഗ് കണ്‍ട്രോള്‍റൂമിലെ പോലീസ് ഡ്രൈവര്‍ ശ്രീനിവാസന്‍ വ്യത്യസ്ഥനാകുന്നത്. കൃഷിനഷ്ടത്തിന്റെ കണക്കുപറഞ്ഞ് പാരമ്പര്യ നെല്‍ക്കര്‍ഷകര്‍ പോലും കൃഷി ഉപേക്ഷിക്കുമ്പോഴാണ് ശ്രീനിവാസന്‍ കിലോമീറ്ററുകള്‍ താണ്ടി കാരട്ടുവയലിലെത്തി കൃഷി നടത്തിയത്.
 
കഴിഞ്ഞ രണ്ടുദിവസമായി അവധിയെടുത്ത് കാരട്ടുവയലില്‍ നെല്‍ക്കതിര്‍ കൊയ്‌തെടുക്കുയാണ് ഈ യുവകര്‍ഷകന്‍. പതിവായി തലയില്‍ കാണുന്ന തൊപ്പിക്കുപകരം തോര്‍ത്തുമുണ്ടും തലയില്‍കെട്ടി മുട്ടോളം ചെളിയില്‍നിന്ന് നെല്‍ക്കതിര്‍ കൊയ്യുമ്പോള്‍ സഹായിയായി അമ്മ ശാരദയും ഇളയമ്മ ജാനകിയും സഹോദരി ശ്രീലതയും ഭാര്യ സജിതയും ഒപ്പംതന്നെയുണ്ട്.

പാരമ്പര്യ കര്‍ഷകത്തൊഴിലാളി കുടുബത്തിലെ അംഗമായ ശ്രീനിവാസന് ചെറുപ്പം മുതല്‍തന്നെ കൃഷിപ്പണികള്‍ എല്ലാം സ്വായത്തമാണ്. വയല്‍ ഒരുക്കുന്നതു മുതല്‍ ടില്ലര്‍ ഓടിക്കാനും ഞാറ് നടാനും കളപറിക്കാനും കൊയ്യാനും മെതിക്കാനും നെല്ലും പുല്ലും ഉണക്കാനുമെല്ലാം ശ്രീനിവാസനറിയാം. മടിക്കൈ പൂത്തക്കാല്‍ സ്വദേശിയായ ശ്രീനിവാസന് നാട്ടില്‍ മടിക്കൈ നീരളി വയലില്‍ ഒരേക്കറോളം കൃഷിയുണ്ട്.
 
വെള്ളക്കെട്ട് കാരണം ഇവിടെ രണ്ടാംവിള മാത്രമാണ് എടുക്കാറ് പതിവ്. പശുവളര്‍ത്തലുള്ള ശ്രീനിവാസന്റെ കുടുംബം നെല്ലിനൊപ്പം വൈക്കോലിന്റെയും ആവശ്യത്തിനാണ് നഗരസഭയിലെ കാരാട്ടു വയലില്‍ പാട്ടക്കൃഷിക്കായി എത്തിയത്. നഗരസഭാ കൃഷിഭവന്‍ അസിസ്റ്റന്റ് ദിനേശന്റെ പൂര്‍ണ പിന്തുണ ഈ കര്‍ഷക കുടുംബത്തിന് കരുത്തുനല്‍കി. സ്ഥലം പാട്ടത്തിനു കിട്ടിയാല്‍ നാട്ടിലെ രണ്ടാംവിളയ്‌ക്കൊപ്പം കാരട്ടുവയലിലും കൃഷിയിറക്കാന്‍ ശ്രീനിവാസന്‍ തയ്യാറാണ്.