കാഞ്ഞങ്ങാട്: കടല്‍കടന്നുവന്ന് രക്തബന്ധം തേടിപ്പിടിക്കാനുള്ള എഴുപത്തിയഞ്ചുകാരന്‍ കുഞ്ചുവിന്റെ പരിശ്രമം വിജയത്തിലേക്ക്.
മലേഷ്യയിലെ കുഞ്ചു കാസര്‍കോട്ടെ ബന്ധുക്കളെ തിരയുന്നതുസംബന്ധിച്ച് സെപ്റ്റംബര്‍ ഒന്‍പതിന് 'മാതൃഭൂമി' പ്രസിദ്ധീകരിച്ച 'മലേഷ്യയില്‍നിന്ന് കുഞ്ചു വരുന്നു; രക്തബന്ധംതേടി' എന്ന വാര്‍ത്തകണ്ട് ചെറുവത്തൂരില്‍നിന്നാണ് ബന്ധുക്കള്‍ അന്വേഷണവുമായി എത്തിയിരിക്കുന്നത്.
പിലിക്കോട്ടുനിന്നുള്ളവരാണ് കുഞ്ചുവിന്റെ സുഹൃത്ത് മാവുങ്കാലിലെ ചന്തുക്കുട്ടിയെ ബന്ധപ്പെട്ടത്. അച്ഛന്‍ സിങ്കപ്പൂര്‍ കൊട്ടന്‍ പറഞ്ഞ പേരുകളുമായി ബന്ധുക്കള്‍ക്ക് സാമ്യമില്ലാത്തത് ഒഴിച്ചുനിര്‍ത്തിയാല്‍ ബന്ധുക്കളുടെ ചരിത്രം ഏറെക്കൂറെ യോജിക്കുന്നുണ്ട്.
1942-ല്‍ മലേഷ്യയിലെത്തിയ സ്വര്‍ണപ്പണിക്കാരനായ സിംഗപ്പൂര്‍ കൊട്ടന് നേരത്തേ ചെറുവത്തൂരില്‍ ഭാര്യയും മൂന്ന് കുട്ടികളുമുണ്ടായിരുന്നു എന്നായിരുന്നു മകന്‍ കുഞ്ചുവിനുകിട്ടിയ അറിവ്.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ രക്തബന്ധത്തിലുള്ള സഹോദരന്മാരെയോ അല്ലെങ്കില്‍ അവരുടെ മക്കളെയോ കാണണമെന്ന ആഗ്രഹം കുഞ്ചുവിനുണ്ടായത്.
തന്റെ മലേഷ്യന്‍ സുഹൃത്ത് കാഞ്ഞങ്ങാട് മാവുങ്കാലിലെ ചന്തുക്കുട്ടിയുമായി ബന്ധപ്പെട്ടാണ് കുഞ്ചു അതിനുള്ള ശ്രമം തുടങ്ങിയത്.
വാര്‍ത്ത കണ്ടത്തിനെത്തുടര്‍ന്ന് ചെറുവത്തൂരില്‍നിന്ന് ബന്ധപ്പെട്ടയാള്‍ നല്‍കിയ വിവരമനുസരിച്ച് കൊട്ടന്റെ ആദ്യഭാര്യയുടെ പേര് നങ്ങ എന്നാണ്. മാണി, പൊക്കായി, അമ്പു എന്നായിരുന്നു നങ്ങയുടെ മക്കളുടെ പേര്.
എന്നാല്‍, കല്യാണി, കണ്ണന്‍ എന്ന പേരുകളില്‍ മക്കളുള്ളതായാണ് കുഞ്ചുവിന് അച്ഛന്‍പറഞ്ഞ അറിവ്. കൂടാതെ ഒരുമകന്‍കൂടിയുള്ളതായി കുഞ്ചുവിനോട് കൊട്ടന്‍ വെളിപ്പെടുത്തിയിരുന്നു. ഇവര്‍ ആരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
നങ്ങയുടെ അകാലചരമത്തെത്തുടര്‍ന്ന് മൂന്നുകുട്ടികളും നീലേശ്വരത്തെ അമ്മയുടെ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്.
പേരുകളിലെ വ്യത്യാസം ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റുകാര്യങ്ങളെല്ലാം കുഞ്ചുവിന്റെ അറിവുകളുമായി യോജിക്കുന്നുണ്ടെന്ന് സുഹൃത്ത് ചന്തുക്കുട്ടി വെളിപ്പെടുത്തി.
വര്‍ഷങ്ങള്‍ക്കുമുമ്പെടുത്ത കൊട്ടന്റെ ചെറുവത്തൂരിലെ കുടുംബഫോട്ടോ കഴിഞ്ഞദിവസം കുഞ്ചു ചന്തുക്കുട്ടിക്ക് കൈമാറിയിരുന്നു.
ഇതില്‍ കൊട്ടനും ഭാര്യയും നാല് കുട്ടികളുമാണുള്ളത്. ഒരുകുട്ടി ബന്ധുവിന്റെ മകളാണ്. 18-ന് കൊച്ചിയിലെത്തുന്ന കുഞ്ചുവും ഭാര്യയും മക്കളുമടങ്ങിയ സംഘം 20-നാണ് കാഞ്ഞങ്ങാട്ടെത്തുക.
പിലിക്കോട്ടെത്തി ബന്ധുക്കളെ കാണാന്‍ കുഞ്ചുവും സംഘവും തീരുമാനിച്ചിടുണ്ട്.