കാഞ്ഞങ്ങാട്: പട്ടണത്തിലെ കെട്ടിടങ്ങളുടെ ടെറസ്സുകളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കൊതുകുകള്‍ വളരുന്ന മലിനജല കെട്ടുകള്‍. ടെറസ്സുകളില്‍ കൂട്ടിയിട്ട ഫ്‌ലക്‌സ് അവശിഷ്ടങ്ങളിലും ബോര്‍ഡുകളിലുമാണ് കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്.
 
പനിരോഗങ്ങള്‍ക്കെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ വെക്ടര്‍കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പട്ടണത്തില്‍ പരിശോധനകള്‍ നടന്നത്. പല കെട്ടിടങ്ങളുടെയും ടെറസ്സുകളില്‍ മാലിന്യക്കൂമ്പാരം തന്നെ പരിശോധകസംഘം കണ്ടെത്തി.
 
ഉപയോഗശൂന്യമായ സാധനങ്ങളും മറ്റുമാണ് ടെറസ്സുകളില്‍ കൂട്ടിയിട്ടിരുന്നത്. ടെറസ്സുകളിലെ മഴവെള്ളം ഒഴുകിപ്പോവുകയും വറ്റിപ്പോവുകയും ചെയ്യുന്നുണ്ടെങ്കിലും അലക്ഷ്യമായി തള്ളിയ സാധനങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിലാണ് കൊതുകുകളുടെ ലാര്‍വകളെ കണ്ടെത്തിയത്. ഉടമകളുടെ സാന്നിധ്യത്തില്‍തന്നെ പരിശോധകസംഘം മാലിന്യം നീക്കംചെയ്യുകയും ടെറസ്സുകള്‍ വൃത്തിയായി സൂക്ഷിക്കാനുള്ള നിര്‍ദേശങ്ങളും നല്‍കി.
 
കാഞ്ഞങ്ങാട് പട്ടണത്തില്‍ നടത്തിയ പരിശോധനയ്ക്ക് ഫീല്‍ഡ് അസിസ്റ്റന്റ് എ.വി.ദാമോദരന്‍, സഹായികളായ കെ.വി.മുരളി, കെ.ടി.ഗീത, വി.ജസിത എന്നിവര്‍ നേതൃത്വം നല്‍കി.