കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന് ഇനി കര്‍ണാടകസംഗീതത്തിന്റെ ആനന്ദധാര. ത്യാഗരാജ പുരന്ദരദാസ സംഗീതോത്സവത്തിന് നാടൊരുങ്ങി. കാഞ്ഞങ്ങാട് ഗണേശക്ഷേത്ര ഓഡിറ്റോറിയത്തിലാണ് നാലുനാള്‍ നാടിനെ സംഗീതസാന്ദ്രമാക്കുന്ന സംഗീതമഴ പെയ്‌തൊഴുകുക.
13-ന് വൈകീട്ട് ആറിന് പദ്മഭൂഷണ്‍ പുരസ്‌കാരജേതാവ് സംഗീതജ്ഞന്‍ ടി.വി.ശങ്കരനാരായണന്‍ സംഗീതോത്സവത്തിന് തിരിതെളിയിക്കും. ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം കച്ചേരി അവതരിപ്പിക്കും. 14-ന് വൈകീട്ട് 6.30ന് തൃപ്പൂണിത്തുറ ഗായകി സഹോദരിമാരുടെ വായ്പാട്ട്. 15-ന് വൈകീട്ട് 6.30ന് ടി.ഈശ്വരന്‍ ഭട്ടതിരി. 16-ന് വ്യാഴാഴ്ച രാവിലെ ഏഴിന് ഉഞ്ഛവൃത്തി നടക്കും. ത്യാഗരാജസ്വാമികള്‍ ഭിക്ഷാടനം നടത്തി ഉപജീവനംകഴിച്ച ഓര്‍മപുതുക്കലാണ് ഉഞ്ഛവൃത്തി. ഒന്‍പത് മണിക്ക് പഞ്ചരത്‌ന കീര്‍ത്തനാലാപനം. തുടര്‍ന്ന് സംഗീതോപാസന.
6.30ന് ബാംഗ്‌ളൂര്‍ എസ്.ശങ്കര്‍ കച്ചേരി നടത്തും. ആഞ്ജനേയോത്സവത്തോടെ സംഗീതാരാധനയ്ക്ക് സമാപനമാവും. കാഞ്ഞങ്ങാട് സദ്ഗുരു ത്യാഗബ്രഹ്മ സംഗീതസഭയാണ് സംഗീതോത്സവം നടത്തുന്നത്.
പത്രസമ്മേളനത്തില്‍ സംഗീതസഭ പ്രസിഡന്റ് ബി.ആര്‍ ഷേണായ്, സെക്രട്ടറി ബി മുകുന്ദ്പ്രഭു, ട്രഷറര്‍ ടി.കെ.കമലാക്ഷന്‍, കലാമണ്ഡലം വാസുദേവന്‍, എച്ച്.കെ.മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു