കാഞ്ഞങ്ങാട്: വെളിച്ചത്തിന് വെളിച്ചത്തേക്കാള്‍ കവിഞ്ഞ മറ്റു പല അര്‍ഥങ്ങളും ഉള്ളതുപോലെ ഇരുട്ടിനും അര്‍ഥഭേദങ്ങളുണ്ടെന്നും എത്ര തെളിച്ചമുള്ള വെളിച്ചവും ഉണ്ടാകുന്നത് ഇരുട്ടില്‍നിന്നാണെന്നും എഴുത്തുകാരന്‍ കല്പറ്റ നാരായണന്‍ പറഞ്ഞു.

കാഞ്ഞങ്ങാട് നെഹ്രു കോളേജില്‍ സാഹിത്യവേദി നടത്തിയ കാവ്യോത്സവത്തില്‍ ഇരുട്ട് എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുട്ടുകൊണ്ട് മലയാളത്തിലെഴുതിയ ഏറ്റവും ശക്തമായ രചനയാണ് ധര്‍മപുരാണം. ഭരണകൂടത്തിന് നേര്‍ക്കുള്ള പ്രതിഷേധം കൂടിയാണത്. ഇരുട്ടുമായി സമ്പര്‍ക്കമുള്ളവര്‍ ലോകത്ത് ഒരിക്കലും നശിക്കാത്ത സാഹിത്യം രചിക്കുന്നു.

ഇന്നത്തെ കവികള്‍ ഇരുട്ട് തെളിഞ്ഞുണ്ടായ വെളിച്ചത്തില്‍ ജീവിക്കാനും എഴുതാനുമാണ് താത്പര്യപ്പെടുന്നത്. ഭൂരിപക്ഷത്തിന്റെ വെളിച്ചത്തോട് കലഹിക്കാന്‍ പുതിയ കവികള്‍ ഇരുട്ടിനെ കൂട്ടുപിടിക്കണം.

കറുക്കുക എന്നത് ഒരു കുറ്റകൃത്യമായി മാറുന്ന കാലത്ത് അതേ കറുപ്പിനെ കൂട്ടുപിടിച്ച് പ്രതിരോധിക്കുകയാണ് വേണ്ടത്. ഭാഷയിലെ കയ്പിനെ വിടാതെ സൂക്ഷിക്കണം -കല്പറ്റ പറഞ്ഞു.

സമാപനസമ്മേളന ഉദ്ഘാടനവും കല്‍പ്പറ്റ നിര്‍വഹിച്ചു. കെ.പി.ഷീജ അധ്യക്ഷതവഹിച്ചു. പി.രാമന്‍, പി.എന്‍.ഗോപീകൃഷ്ണന്‍, മനോജ് കുറൂര്‍, എ.ശരത്, ശ്രീനാഥ് ചീമേനി, എം.പി.പ്രണവ്, ശശി വട്ടക്കൊവ്വല്‍, അംബികാസുതന്‍ മാങ്ങാട്, ധന്യ പാലക്കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ വിഷയങ്ങളില്‍ ഡോ. ഇ.ഉണ്ണിക്കൃഷ്ണന്‍, പി.രാമന്‍, പി.എന്‍.ഗോപീകൃഷ്ണന്‍, മ്യൂസ് മേരി, മനോജ് കുറൂര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ഭിന്നശേഷിക്കാരനും പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ എം.പി.പ്രണവിന്റെ 'സ്‌നേഹവസന്തം' പുസ്തകം കല്പറ്റ നാരായണന്‍ പ്രകാശനം ചെയ്തു. സാഹിത്യവേദിയുടെ 17 -ാമത് പുസ്തകമാണിത്.