കാസര്‍കോട്: സ്ത്രീസമത്വത്തിനുവേണ്ടി നിയമങ്ങള്‍ ഉണ്ടായതുകൊണ്ടുമാത്രം കാര്യമില്ലെന്നും മാറ്റങ്ങളുണ്ടാകേണ്ടത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമൂഹമനസ്സിനാണെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ പറഞ്ഞു.

കാസര്‍കോട് സബ്‌കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 'സ്ത്രീകളും ഇന്ത്യന്‍ നിയമവ്യവസ്ഥയും' എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് അനു ശിവരാമന്‍.

സമത്വവും നീതിയും നിലനില്‍ക്കുന്ന സമൂഹമാണെങ്കില്‍ സ്ത്രീകള്‍ക്കുവേണ്ടി ഇത്രയധികം നിയമങ്ങളുടെ ആവശ്യമില്ല. നിയമം കൂടുന്നത് സമൂഹത്തിന്റെ പോരായ്മയാണ്.

മാതൃത്വത്തിന്റെ പേരുപറഞ്ഞ് ഉത്തരവാദപ്പെട്ട ജോലികളില്‍നിന്ന് തങ്ങള്‍ മാറി നില്‍ക്കുന്നുണ്ടോയെന്ന് സ്ത്രീയും ചിന്തിക്കണം.

പുരുഷനും ചിന്തയില്‍ മാറ്റംവരുത്തണം. സ്ത്രീസമത്വം എന്നത് നിയമനിര്‍മിതമായ ഒരു ആശയമല്ലെന്നും ജസ്റ്റിസ് പറഞ്ഞു.

സമൂഹത്തില്‍ സ്ത്രീയെ വേറിട്ട് കാണേണ്ട ആവശ്യമില്ലെന്നും സ്ത്രീയും പുരുഷനും പരസ്​പരപൂരകങ്ങളാണെന്നും അധ്യക്ഷത വഹിച്ച ജില്ലാ ജഡ്ജി എസ്.മനോഹര്‍ കിണി പറഞ്ഞു.

കളക്ടര്‍ കെ.ജീവന്‍ബാബു, കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീജ ജനാര്‍ദനന്‍ നായര്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാരിദ സക്കീര്‍, എന്‍മകജെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആര്‍.ഭട്ട്, ജില്ലാ കോടതി സീനിയര്‍ ടൈപ്പിസ്റ്റ് എ.രാധ, കെ.എം.ബീന, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം മണി ജി. നായര്‍, പി.പി.ശ്യാമള ദേവി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.പി.ഉഷ എന്നിവര്‍ സംസാരിച്ചു.