കുമ്പള: വേനല്‍ തുടങ്ങിയതേയുള്ളൂ. പുഴകള്‍ വറ്റിവരളാന്‍ തുടങ്ങി. മകരമാസത്തിന്റെ ആദ്യപകുതിയില്‍തന്നെ പുഴകള്‍ വരളുന്നത് പഴമക്കാര്‍ക്ക്‌പോലും കേട്ടുകേള്‍വിയില്ലാത്തതാണ്. മലയോരമേഖലയായ അംഗഡിമുഗറില്‍ ഷിറിയ പുഴയിലെ നീരൊഴുക്ക് നിലച്ചിട്ട് നാളുകള്‍ ഏറെയായി.

കര്‍ണാടകത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളിലും ജില്ലയിലും മഴ കുറഞ്ഞതും പുഴയില്‍നിന്ന് വ്യാപകമായി മണലൂറ്റുന്നതും പുഴകളിലെ വെള്ളം വറ്റുന്നതിന് കാരണമാകുന്നു.

തുലാവര്‍ഷം അല്‍പ്പംപോലും ലഭിക്കാത്തത് നേരത്തെ പുഴകള്‍ വരളുന്നതിനിടയാക്കി. അനധികൃതമായ മണല്‍കടത്ത് ഈ മേഖലകളില്‍ വ്യാപകമാണ്.

മണല്‍ ചാക്കുകളില്‍ നിറച്ച് പ്രത്യേക കേന്ദ്രങ്ങളിലെത്തിച്ച് പിന്നീട് വാഹനങ്ങളില്‍ കടത്തുന്ന രീതിയും ഇവിടങ്ങളിലുണ്ട്.

അനധികൃത മണല്‍കടത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പുത്തിഗെ, മംഗല്‍പ്പാടി പഞ്ചായത്തുകളില്‍ ഏക്കര്‍കണക്കിന് നെല്‍ക്കൃഷിയും പുഴയെ ആശ്രയിച്ച് ചെയ്യുന്നുണ്ട്.

കമുക്, തെങ്ങ് കര്‍ഷകരും ഇപ്പോള്‍ ആശങ്കയിലാണ്. വരുംനാളുകളില്‍ ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാകാനിടയുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.

പുഴകളില്‍ റിങ്ങ് താഴ്ത്തി കോണ്‍ക്രീറ്റ് സ്ലാബിട്ട് മൂടി മോട്ടോര്‍വെച്ച് വീടുകളിലേക്കാവശ്യമായ കുടിവെള്ളമെത്തിക്കുകയാണ് പുത്തിഗെയിലും അംഗഡിമുഗറിലുമൊക്കെ ചെയ്യുന്നത്.

ജല നിധി പദ്ധതിപ്രകാരം പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ ജലസംഭരണികളും പൈപ്പും സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുടിവെള്ളം കിട്ടാക്കനിയാണ്. മിക്കയിടങ്ങളിലും മോട്ടോര്‍ കേടായതായാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.