കാഞ്ഞങ്ങാട്: മാതോത്ത് ക്ഷേത്രത്തിനടുത്ത ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയാല്‍ പത്തിരിയും ചിക്കനും മറ്റു ഇഷ്ടവിഭവങ്ങളും കഴിക്കാം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലോ എന്ന് ആശ്ചര്യം കൊള്ളേണ്ട. വൈകുന്നേരമായാല്‍ ഈ കാത്തിരിപ്പ് കേന്ദ്രം കുടുംബശ്രീക്കാരുടെ ഹോട്ടലാണ്.

തൊട്ടടുത്ത് പ്രധാന ബസ്സ്‌റ്റോപ്പ് വന്നതോടെ ഈ കാത്തിരിപ്പുകേന്ദ്രം ആരും ഉപയോഗിക്കാതായി. സൗകര്യം പ്രയോജനപ്പെടുത്തി പ്രദേശത്തുകാരായ കനകമണി, സാവിത്രി, ഫാത്തിമ, ലീല, രോഹിണി, പ്രഭാവതി എന്നിവര്‍ കുടുംബശ്രീയൂണിറ്റ് രൂപവത്കരിച്ച് ഹോട്ടലുമായി രംഗത്തെത്തി.

ഹോട്ടല്‍ നടത്തിപ്പ് എന്ന ആശയം ഇവര്‍ക്ക് നേരത്തേ ഉണ്ടായിരുന്നു. പക്ഷേ, വലിയതുക മുതല്‍മുടക്കി ഈ രംഗത്തേക്ക് പ്രവേശിക്കാന്‍ ആകുമായിരുന്നില്ല. അതിനിടെയാണ് ആളുകള്‍ ഉപേക്ഷിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ശ്രദ്ധയില്‍പ്പെടുന്നത്. അഞ്ചുപേരും ഒത്തുകൂടി. കുറച്ചുപണം സ്വരൂപിച്ചു.

നഗരഭരണാധികാരികളുടെ പിന്തുണകൂടി കിട്ടിയതോടെ ബസ് കാത്തിരിപ്പ് കേന്ദ്രം ഹോട്ടലായി. അംഗങ്ങള്‍ അവരുടെ വീട്ടില്‍നിന്ന് ഭക്ഷണം തയ്യാറാക്കും. വൈകുന്നേരത്തോടെ സ്വാദിഷ്ടവിഭവങ്ങള്‍ 'ഹോട്ടലി'ലെത്തും. പാര്‍സല്‍ വാങ്ങാനും തിരക്കുതന്നെ. അവിടെ ഇരുന്ന് കഴിക്കാനുള്ള സൗകര്യവുമുണ്ട്. ഓര്‍ഡര്‍ അനുസരിച്ച് മറ്റുവിഭവങ്ങളും തയ്യാറാക്കി എത്തിച്ചുകൊടുക്കുറുണ്ടെന്ന് കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു.