രാജപുരം: ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുകളും നിര്‍ദേശങ്ങളും വകവെയ്ക്കാതെ കുഴല്‍ക്കിണര്‍ നിര്‍മാണ ഏജന്‍സികള്‍. അപകടങ്ങള്‍ സ്ഥിരമാകുമ്പോഴും മറുനാടന്‍ തൊഴിലാളികളെ വാഹനത്തിനുമുകളില്‍ കയറ്റിയുള്ള കുഴല്‍ക്കിണര്‍ യൂണിറ്റുകളുടെ യാത്ര മലയോരത്തെ സ്ഥിരംകാഴ്ച. ആഴ്ചകള്‍ക്കുമുന്‍പ് പെരിയ മൂന്നാംകടവില്‍ കുഴല്‍ക്കിണര്‍ നിര്‍മാണ യൂണിറ്റുമായെത്തിയ ലോറിമറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.

ഇതോടെ കിണര്‍കുഴിക്കാന്‍ നിര്‍മാണസാമഗ്രികളുമായെത്തുന്ന വാഹനത്തിനുമുകളിലിരുന്ന് യാത്രചെയ്യുന്നത് കളക്ടര്‍ കര്‍ശനമായി വിലക്കിയിരുന്നു.

എന്നാല്‍, ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലാണ് കുഴല്‍ക്കിണര്‍ നിര്‍മാണ യൂണിറ്റ് വാഹനങ്ങളുടെ സഞ്ചാരം. അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണ യൂണിറ്റുകള്‍ ജില്ലയിലെത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരപ്രദേശങ്ങളില്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധന നടത്തുന്നുണ്ട്. എന്നാല്‍, മലയോരത്ത് അത്തരത്തിലുള്ള പരിശോധനകളൊന്നും നടക്കുന്നില്ല. അഥവാ പരിശോധനയ്ക്ക് വരുന്നുണ്ടെന്നറിഞ്ഞാല്‍ ഏജന്‍സികള്‍ പരസ്​പരം അറിയിച്ച് വാഹനങ്ങള്‍ മാറ്റുകയുംചെയ്യും.

മലയോരത്ത് നടക്കുന്ന വ്യാപകമായ അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണത്തെക്കുറിച്ച് ഒരുമാസംമുന്‍പ് മാതൃഭൂമി വാര്‍ത്തനല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ഇത്തരത്തിലുള്ള കുഴല്‍ക്കിണര്‍ നിര്‍മാണത്തിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ പഞ്ചായത്തധികൃതര്‍ക്കും പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഈ നിര്‍ദേശങ്ങളൊന്നും പാലിക്കപ്പട്ടിട്ടില്ലെന്നതിന്റെ തെളിവാണ് മറുനാടന്‍ തൊഴിലാളികളുമായി കുഴല്‍ക്കിണര്‍ നിര്‍മാണ ലോറികള്‍ തലങ്ങും വിലങ്ങും ഓടുന്നത്.