രാജപുരം: കനത്ത ചൂടില്‍ ദാഹിച്ച് വലഞ്ഞെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ശുദ്ധീകരിച്ച് തണുപ്പിച്ച വെള്ളം ആവോളം കുടിച്ച് ദാഹം തീര്‍ക്കാം. ഒപ്പം പാട്ടും വാര്‍ത്തകളും കേള്‍ക്കാം.

മൊബൈല്‍ ഫോണ്‍ ചാര്‍ജ് തീര്‍ന്നാലും വിഷമിക്കേണ്ട. അതിനും പരിഹാരമുണ്ട്. പാണത്തൂര്‍ ടൗണിലെ ചുമട്ടുതൊഴിലാളികളാണ് ടൗണ്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്ന യാത്രക്കാര്‍ക്കായി സൗകര്യങ്ങളൊരുക്കി നാടിന്റെ പ്രിയപ്പെട്ടവരായത്.

കനത്ത ചൂടില്‍ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നത് ശ്രദ്ധയില്‍ പ്പെട്ടതോടെയാണ് സി.ഐ.ടി.യു. യൂണിറ്റ് സെക്രട്ടറി എ.ഇ.സെബാസ്റ്റ്യന്‍, പ്രസിഡന്റ് ജിനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ചുമട്ടുതൊഴിലാളികളായ ഒന്‍പതംഗസംഘം പ്രശ്‌നത്തിന് പരിഹാരം കാണാന്‍ തീരുമാനിച്ചത്.

ഇതിനായി തൊഴിലാളികള്‍ ഒത്തുചേര്‍ന്ന് കുടിവെള്ളസൗകര്യമടക്കമുള്ള കാര്യങ്ങള്‍ക്കായി ആവശ്യമുള്ള തുകയും സ്വരൂപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനന്‍ അടക്കുള്ളവരുടെ ശ്രദ്ധയില്‍ പ്പെടുത്തിയതോടെ പഞ്ചായത്ത് സെക്രട്ടറിയുടെ സമ്മതപത്രം ഹാജരാക്കി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് വൈദ്യുതി കണക്ഷനും ലഭ്യമാക്കി.

തുടര്‍ന്നാണ് 70,000 രൂപ മുടക്കി ശുദ്ധീകരണസംവിധാനങ്ങളോടെയുള്ള കുടിവെള്ള യൂണിറ്റ്, മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സംവിധാനം, എഫ്.എം. റേഡിയോ സൗകര്യം എന്നിവ ഒരുക്കിയത്.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപമുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ 500 ലിറ്റര്‍ ശേഷിയുള്ള കുടിവെള്ളസംഭരണി സ്ഥാപിച്ചാണ് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നത്. സി.പി.എം. ഏരിയാ സെക്രട്ടറി എം.വി.കൃഷ്ണന്‍ കുടിവെള്ള യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എ.ഇ.സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.വി.കുഞ്ഞികൃഷ്ണന്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.തമ്പാന്‍, പി.എം.സുരേഷ് കുമാര്‍, കെ.പി.സുരേഷ്, എം.ബി.മൊയ്തുഹാജി, കരുണാകരന്‍, ബി.ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു.