ബോവിക്കാനം: ജല അതോറിറ്റിയുടെ ബാവിക്കരപദ്ധതി പ്രദേശത്ത് ഉപ്പുവെള്ളം കയറുന്നതു തടയുന്നതിന് ആലൂരില്‍ ഇക്കുറിയും മണല്‍ച്ചാക്കുകള്‍ നിരത്തിത്തുടങ്ങി. പുഴയില്‍ നീരൊഴുക്ക് കുറയുന്നതിനുമുമ്പുതന്നെ തടയണ പണിയുകയാണ് ലക്ഷ്യം. ജനുവരി മൂന്നാംവാരത്തില്‍തന്നെ തടയണനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പയസ്വിനി പുഴയ്ക്ക് കുറുകെ ആലൂരില്‍ പണിയുന്ന താത്കാലിക തടയണയ്ക്ക് 105 മീറ്റര്‍ നീളവും നാലുമീറ്ററോളം വീതിയും രണ്ടരമീറ്ററോളം ഉയരവുമുണ്ടാകും. ഇരുപതിനായിരത്തോളം പ്ലാസ്റ്റിക് ചാക്കുകളാണ് തടയണയ്ക്കായി ഉപയോഗിക്കുന്നത്. മണല്‍നിറച്ച ചാക്കുകള്‍ ഇരുഭാഗത്തും നിരത്തി മധ്യത്തില്‍ ചെമ്മണ്ണുനിറച്ചാണ് തടയണപണിയുന്നത്. 11 ലക്ഷം രൂപ ചെലവിലാണ് ഇക്കുറി തടയണപണിയുന്നത്.

1980 മുതല്‍ ആലൂരില്‍ ചാക്ക് തടയണ പണിതുവരുന്നുണ്ട്. അരലക്ഷത്തില്‍ തുടങ്ങിയ നിര്‍മാണം 11 ലക്ഷത്തിലെത്തിനില്‍ക്കുന്നു. തടയണയുടെ ആയുസ് പലപ്പോഴും ദിവസങ്ങള്‍ മാത്രമാകും. കര്‍ണാടകയിലെ മടിക്കേരി, സുള്ള്യ ഭാഗങ്ങളില്‍ വേനല്‍മഴ പെയ്താല്‍ നീരൊഴുക്ക് കൂടുകയും തടയണതകരുന്നതും പിന്നീട് നീരൊഴുക്ക് കുറയുന്നതോടെ പദ്ധതിപ്രദേശത്ത് ഉപ്പുവെള്ളം കയറുന്നതുമാണ് കണ്ടുവരുന്നത്.

കാസര്‍കോട് നഗരസഭയിലെയും പരിസരപഞ്ചായത്തുകളായ ചെങ്കള, മൊഗ്രാല്‍-പുത്തൂര്‍, മധൂര്‍, മുളിയാര്‍ എന്നിവിടങ്ങളിലെയും ആയിരക്കണക്കിന് കുടുംബങ്ങളാണ് കുടിവെള്ളത്തിനായി ജല അതോറിറ്റിയെ ആശ്രയിക്കുന്നത്. പാതിവഴിയില്‍ നിലച്ച സ്ഥിരംതടയണ നിര്‍മാണപ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് കഴിഞ്ഞദിവസം ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. 27.75 കോടിയുടെ നിര്‍മാണപ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചിരുന്നത്.